
തിരുവനന്തപുരം: നിയമസഭയില്‍ രൂക്ഷമായ വാക്‌പോരും പ്രതപക്ഷ പ്രതിഷേധവും. പ്രതിപക്ഷ നേതാവ് ആരാണെന്നുള്ള സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ചോദ്യം പ്രതിപക്ഷത്തെ ചൊടിപ്പിക്കുകയും അവര്‍ ഏറ്റുപിടിക്കുകയുമായിരുന്നു. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുന്നതിനിടെയാണ് ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കര്‍ ചോദിച്ചത്. സ്പീക്കറുടേത് അപക്വമായ ചോദ്യമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഇതേച്ചൊല്ലിയാണ് സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്പോരുണ്ടായത്.
നക്ഷത്രമിട്ട ചോദ്യങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ഹനിച്ചുവെന്ന് പ്രതിപക്ഷ വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ തദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണെന്നസ്പീക്കര്‍ പറഞ്ഞത്. ഇതിന് പിന്നാലെ പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി. നേതാക്കള്‍ തിരികെ സീറ്റില്‍ പോയി ഇരിക്കണമെന്നും ആരാണ് പ്രതിപക്ഷ നേതാവ് എന്നുമായിരുന്നു സ്പീക്കറുടെ ചോദ്യം. ഇതാണ് നിയമസഭയെ പ്രക്ഷുബ്ധമാക്കിയത്.
അതേസമയം, പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന ഭരണപക്ഷ പരാമര്‍ശം വലിയ തര്‍ക്കത്തിലേക്ക് നയിച്ചു. ഇതിന് രൂക്ഷഭാഷയില്‍ പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. അതേ ഭാഷയില്‍ മുഖ്യമന്ത്രിയും തിരിച്ചടിച്ചു. ഇതോടെ വാക്കേറ്റം രൂക്ഷമാകുകയും പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ ശ്രമിക്കുകയും ചെയ്തു. വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ കസേരയുടെ അടുത്തെത്തുന്ന സ്ഥിതിയുമുണ്ടായി. രൂക്ഷമായ ഭരണപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
പ്രതിപക്ഷാംഗങ്ങള്‍ നല്‍കിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകള്‍ ചട്ട വിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്തവയാക്കി മാറ്റിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്കു കത്തു നല്‍കിയിരുന്നു. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രിയും മന്ത്രിമാരും സഭയില്‍ നേരിട്ടു മറുപടി നല്‍കണം. ഇത് ഒഴിവാക്കാനാണു നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം പൂര്‍ണതോതില്‍ ഇന്ന് ആരംഭിച്ചിരിക്കെ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള വിഷയങ്ങളും മുഖ്യമന്ത്രിയില്‍നിന്നു മറുപടി തേടാനും ഉറച്ചാണ് പ്രതിപക്ഷത്തിന്റെ നീക്കം. തൃശൂര്‍ പൂരം കലക്കല്‍, എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ച, പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍, മലപ്പുറവുമായി ബന്ധപ്പെട്ട മവിവാദ പരാമര്‍ശം തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷത്തിന്‍െ ആയുധം