ബെംഗളൂരു: മൈസുരു അര്‍ബന്‍ വികസന അതോറിറ്റി (മുഡ) ഭൂമി കുംഭകോണക്കേസിൽ കോൺഗ്രസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ വിചാരണ ചെയ്യുന്നതിന് ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ. ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സിദ്ധരാമയ്യയെവിചാരണ ചെയ്യാൻ ഗവർണർ താവര്‍ചന്ദ് ഗഹ്‌ലോത് അനുമതി നൽകിയിരുന്നു.
എന്നാൽ ഓഗസ്റ്റ് 29-വരെ യാതൊരുനടപടിയും ഉണ്ടാകാൻ പാടില്ലെന്ന് വിചാരണക്കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.
സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക്, മൈസുരു അര്‍ബന്‍ വികസന അതോറിറ്റി, മൈസൂരുവില്‍ 14 പാര്‍പ്പിടസ്ഥലങ്ങള്‍ അനുവദിച്ചുനല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. സഹോദരന്‍ മല്ലികാര്‍ജുന്‍ വാങ്ങി പാര്‍വതിക്കു നല്‍കിയതാണ് 3.16 ഏക്കര്‍ ഭൂമി. ഇത് മുഡ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ വിലയേറിയ സ്ഥലത്ത് പാര്‍പ്പിടസ്ഥലങ്ങള്‍ നല്‍കുകയും ചെയ്‌തെന്നാണ് പരാതി. പരാതിയിൽ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയിരുന്നു. ഇതിനെതിരേ സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തൻ്റെ കരിയറിൽ താൻ മുഖ്യമന്ത്രിയും മന്ത്രിയുമായിരുന്നുവെന്നും വ്യക്തിപരമായ നേട്ടങ്ങൾക്കായി ഒരിക്കലും അധികാരം ദുരുപയോഗം ചെയ്തിട്ടില്ലെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. “രാഷ്ട്രീയത്തിൽ പാർട്ടികൾ പ്രതിഷേധിക്കുന്നത് സ്വാഭാവികമാണ്… അതിനാൽ അവർ പ്രതിഷേധിക്കട്ടെ, ഞാൻ ശുദ്ധനാണ്,” എന്ന് പറഞ്ഞ് ബിജെപിയുടെ പ്രതിഷേധത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു.