തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിന് ജാമ്യമില്ല. രാഹുലിനെ കോടതി ഈ മാസം 22 വരെ റിമാൻഡ് ചെയ്തു.
നേരത്തെ രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നവേളയിൽ രാഹുലിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും വീണ്ടും വൈദ്യപരിശോധന നടത്തണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കോടതി നിർദേശത്തെ തുടർന്ന് രണ്ടാമതും നടത്തിയ വൈദ്യപരിശോധനയിലും രാഹുലിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷയിൽ തീർപ്പ് കലിപ്പിച്ചത്. രാഹുലിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും.
നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷങ്ങളുടെ പേരിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ അടൂരിലെ വീട്ടിലെത്തിയായിരുന്നു കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്.
നേരെത്ത കേസുമായി ബന്ധപ്പെട്ട് ഇരുപതിലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും നേതാക്കൾക്കെതിരായ നടപടി ആദ്യമാണ്. രാഹുലിന്റെ അറസ്റ്റിന് പിന്നാലെ പ്രതിഷേധവുമായി വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കൾ രംഗത്തെത്തി. വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ രാഹുൽ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമൂഹ്യമാധ്യമങ്ങളിൽ പ്രതികരിച്ചു.