ഗൗതം അദാനിക്കും അനന്തരവനും എതിരെ കൈക്കൂലി ആരോപണമില്ല : യുഎസ് ആരോപണങ്ങളില്‍ അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരെ യുഎസ് ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്റ്റ് ലംഘിച്ചതിനു കേസൊന്നും റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ പ്രസ്താവന. ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, സീനിയര്‍ എക്സിക്യൂട്ടീവ് വിനീത് ജെയിന്‍ എന്നിവര്‍ക്കെതിരെ യുഎസ് നീതിന്യായ വകുപ്പില്‍ നിന്നും കൈക്കൂലി ആരോപണങ്ങള്‍ ഇല്ലെന്നാണ് അറിയിച്ചിരിക്കുന്നത്‌.

”ഗൗതം അദാനി, സാഗര്‍ അദാനി, വിനീത് ജെയിന്‍ എന്നിവര്‍ക്കെതിരെ യുഎസ് ഡോജിന്റെ കുറ്റപത്രത്തിലോ യുഎസ് എസ്ഇസിയുടെ (എക്സ്പാന്‍ഡ്) സിവില്‍ പരാതിയിലോ എഫ്സിപിഎ (യുഎസ് ഫോറിന്‍ കറപ്ഷന്‍ പ്രാക്ടീസ് ആക്ട്) ലംഘനം നടത്തിയിട്ടുള്ളതായി പറയുന്നില്ലെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു”

അദാനി ഗ്രൂപ്പിന്റെ മൂന്ന് ഡയറക്ടര്‍മാര്‍ അഴിമതിയും കൈക്കൂലി ആരോപണങ്ങളും നേരിട്ടുവെന്നത് തെറ്റായ വാര്‍ത്തയാണെന്നും തെറ്റിധരിപ്പിക്കുന്നതാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കൈക്കൂലി ചര്‍ച്ച ചെയ്തോ വാഗ്ദാനം ചെയ്തോ എന്ന അവകാശവാദങ്ങളില്‍ മാത്രമാണ് യുഎസ് കുറ്റപത്രം ഉള്ളതെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അദാനി എക്‌സിക്യൂട്ടീവുകളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് തെളിവുകളൊന്നും നല്‍കിയിട്ടില്ലെന്നും ഗ്രൂപ്പ് പറഞ്ഞു.

തട്ടിപ്പ് ഗൂഢാലോചന, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഈ മൂന്ന് വ്യക്തികൾ നേരിടുന്നുണ്ടെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ‍ പറയുന്നു.