
കൊച്ചി: ഡോ. വന്ദന കൊലപാതക കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി. ഡോ. വന്ദനയുടെ അച്ഛന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.
സിബിഐ അന്വേഷണം നടത്തേണ്ട അപൂര്‍വമായ സാഹചര്യം ഇല്ലെന്നാണ് കോടതി നിരീക്ഷണം. മാത്രമല്ല, നിലവിലെ അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം, കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി.
നിലവിലുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ കേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ആണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം മെയ് 10ന് പുലര്‍ച്ചെയാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ദാസിനെ പോലീസ് ചികിത്സയ്‌ക്കെത്തിച്ച പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. ഒട്ടേറെ തവണ കുത്തേറ്റ ഡോക്ടര്‍ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.