തിരുവനന്തപുരം: കേരളത്തിലെ പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്താനുള്ള നീക്കം കേന്ദ്രാനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചു. പകരം, ഗള്‍ഫിലേക്കു യാത്രക്കപ്പല്‍ സര്‍വീസിനു മുന്‍ഗണന നല്‍കും.
തിരക്കുള്ള സീസണില്‍ പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്താന വിമാനക്കമ്പനികളുമായും വ്യോമയാന മന്ത്രാലയവുമായും ചര്‍ച്ച നടത്തിയെങ്കിലും, കേന്ദ്രാനുമതി ലഭിക്കില്ലെന്നുറപ്പായതോടെ, നോര്‍ക്ക വഴി നടത്തിയിരുന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യാന്തര വിമാന സര്‍വീസ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടായതിനാല്‍ സംസ്ഥാനത്തിനു പരിമിതിയുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. മാത്രമല്ല, ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തുന്നത് വിമാനക്കമ്പനികള്‍ക്കു നഷ്ടമുണ്ടാകും എന്നതിനാല്‍ അവര്‍ മറ്റു സര്‍വീസുകളില്‍നിന്നുകൂടി പിന്മാറാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.
അതേസമയം, ഗള്‍ഫിലേക്കുള്ള യാത്രക്കപ്പല്‍ പദ്ധതിയില്‍ 4 കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചു. ചെന്നൈയിലെ വൈറ്റ് സീ ഷിപ്പിങ് ലൈന്‍സ്, കോഴിക്കോട്ടെ ജബല്‍ വെഞ്ചേഴ്‌സ് എന്നിവ പദ്ധതിരേഖ കൈമാറിയിട്ടുണ്ട്.
ഗള്‍ഫ് മേഖലയിലെ പ്രവാസികളില്‍നിന്ന് ടിക്കറ്റിന് ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന സാഹചര്യത്തിലാണ് ചാര്‍ട്ടേഡ് സര്‍വീസ് എന്ന ആശയം വന്നത്. 2023-24ലെ ബജറ്റില്‍ പദ്ധതിയും 15 കോടി രൂപയുടെ കോര്‍പസ് ഫണ്ടും പ്രഖ്യാപിച്ചിരുന്നു.