ഇന്ധന വില കുറക്കാൻ കഴിയില്ല, സർക്കാർ ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: ഇന്ധന വിലയുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്തതു പോലെ എണ്ണക്കമ്പനികളുമായി ചർച്ച നടത്തിയിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി.

ഇന്ധനവില കുറയ്ക്കാൻ സർക്കാർ നിർദേശിച്ചിട്ടില്ലെന്നും പുരി പറഞ്ഞു. പെട്രോൾ, ഡീസൽ വില കുറയ്ക്കലുമായി ബന്ധപ്പെട്ടുള്ള മാധ്യമ റിപ്പോർട്ടുകൾ ഊഹാപോഹങ്ങൾ മാത്രമാണെന്ന് പറഞ്ഞ് അദ്ദേഹം വാർത്തകളെ തള്ളി.

അസംസ്കൃത എണ്ണവിലയിലെ വലിയ ചാഞ്ചാട്ടം കണക്കിലെടുത്താൽ ഇന്ധനവില കുറക്കാൻ കഴിയില്ല. കൂടിയ വിലക്ക്​ അസംസ്കൃത എണ്ണ വാങ്ങിയ കാലത്തെ നഷ്ടം നികത്താൻ എണ്ണക്കമ്പനികൾക്ക്​ ഇനിയും കഴിഞ്ഞിട്ടില്ല. സർക്കാറിനെ സംബന്ധിച്ചിടത്തോളം ഇന്ധന ലഭ്യത ഉറപ്പു വരുത്തുന്നതിനാണ്​ ഇപ്പോൾ മുന്തിയ പരിഗണനയെന്നും മന്ത്രി പറഞ്ഞു.

“പ്രതിദിനം 5 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണയാണ് നിലവിൽ നമ്മൾ ഉപയോഗിക്കുന്നത്. അതിന്റെ അളവ് ഓരോ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വെനസ്വേലയുടെ എണ്ണ വിപണിയിൽ വന്നാൽ നമ്മൾ അത് സ്വാഗതം ചെയ്യും,” പുരി പറയുന്നു.

ചെങ്കടലിൽ വ്യാപാരക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനിടയിൽ ഗ്യാസ് വിലയെക്കുറിച്ചും വിതരണത്തെക്കുറിച്ചും സംസാരിച്ച പുരി, ക്രൂഡ് വിതരണത്തെ ബാധിച്ചാൽ ഗ്യാസ് വിലയെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

More Stories from this section

family-dental
witywide