തിരുവനന്തപുരം: നവകേരള യാത്രക്കിടെആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്. കേസ് അവസാനിപ്പിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ റഫറൻസ് റിപ്പോർട്ട് നൽകി. ഗൺമാൻമാർ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മർദിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വാദം. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചതിന് മതിയായ തെളിവ് ഇല്ലെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ദൃശ്യങ്ങൾ ഹാജരാക്കാൻ ദൃശ്യ മാധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടും ദൃശ്യങ്ങൾ ആരും നൽകിയില്ലെന്നും പൊലീസ് പറഞ്ഞു. കേരളമാകെ ടെലിവിഷനിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കണ്ട ദൃശ്യങ്ങൾ കോടതിയിലെത്തിയില്ലെന്നത് വിചിത്രമാണെന്നാണ് കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടത്.