തിരുവനന്തപുരം: കാര്യവട്ടം ക്യമ്പസിലെ ഇടിമുറിയുണ്ടെന്നും ആ ഇടിമുറിയിൽ വച്ചാണ് സാൻജോസിനെ മർദ്ദിച്ചതെന്നുമുള്ള കെ എസ് യുവിന്‍റെ ആരോപണം തള്ളി സര്‍വകലാശാല സമിതി അന്വേഷണ റിപ്പോര്‍ട്ട് സമർപ്പിച്ചു. ഇടിമുറിയിലെ മർദ്ദനമെന്ന ആരോപണം പൂർണമായും തള്ളുന്നതാണ് അന്വേഷണ റിപ്പോർട്ട്. ഈ റിപ്പോർട്ട് അന്വേഷണ സമിതി വൈസ് ചാൻസലർക്ക് സമർപ്പിക്കുകയും ചെയ്തു. കാര്യവട്ടം ക്യാമ്പസിലെ മെന്‍സ് ഹോസ്റ്റലിലെ 121 -ാം നമ്പർ മുറി, ഇടിമുറിയാണെന്ന ആരോപണവും അന്വേഷണ സമിതി തള്ളിയിട്ടുണ്ട്. 121 -ാം നമ്പർ മുറി ഒരു റിസർച്ച് സ്കോളര്‍ക്ക് അനുവദിച്ചതാണെന്നും മർദ്ദനം നടന്ന ദിവസം ആ മുറി അടഞ്ഞുകിടക്കുകയായിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.
കെ എസ് യു നേതാവ് സാന്‍ജോസിനെ ആ മുറിയിലേക്ക് കൊണ്ടു പോയിട്ടില്ലെന്നും അന്വേഷണ സമിതിയുടെ റിപ്പോർട്ടിലുണ്ട്. 121 -ാം നമ്പർ മുറിയിൽ താമസിച്ചിരുന്ന റിസർച്ച് സ്കോളർ സംഭവം നടക്കുന്നതിന്‍റെ തലേദിവസം ഇവിടെ നിന്ന് പുറത്ത് പോയിരുന്നു. ശേഷം മുറി അടഞ്ഞു കിടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്.
കെ എസ് യു, എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ സംഘര്‍ഷം ഉണ്ടായെന്നത് യാഥാർത്ഥ്യമാണ്. പുറത്ത് നിന്ന് ജോഫിൻ എന്നയാൾ ഇവിടെ വന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. വിദ്യാര്‍ഥിനിയായ സഹോദരിയെ ക്യാമ്പസിൽ എത്തിക്കാൻ വന്നതാണ് ജോഫിൻ. ജോഫിനും സഹോദരിയും സാന്‍ജോസും ഒരു ബൈക്കിലാണെത്തിയത്. ശേഷം ജോഫിൻ ഒറ്റക്ക് തിരികെ പോകുമ്പോൾ ഹോസ്റ്റലിനടുത്ത് വെച്ച് എസ് എഫ് ഐ പ്രവര്‍ത്തകർ തടഞ്ഞ് ബൈക്കിന്‍റെ താക്കോൽ ഊരിയെടുത്തു. ഇതറിഞ്ഞാണ് സാൻ ജോസ് എത്തുന്നത്. പിന്നീട് ഇരു ഭാഗത്തും കൂടുതൽ പേരെത്തിയതോടെ തർക്കം രൂക്ഷമായി. സംഭവത്തിൽ സാൻ ജോസിനും എസ് എഫ് ഐയുടെ അഭിജിത്തിനും പരിക്കേറ്റതായും സര്‍വകലാശാല സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
അതേസമയം അന്വേഷണ സമിതി റിപ്പോർട്ട് തള്ളി കെ എസ് യു രംഗത്തെത്തി. എസ് എഫ് ഐയെ എക്കാലത്തും സംരക്ഷിക്കുന്നസമിതി അംഗങ്ങളിൽ നിന്നും ഇത്തരത്തിൽ ഒരു റിപ്പോർട്ട് വന്നില്ലെങ്കിലേ അത്ഭുതം ഉള്ളുവെന്നാണ് കെ എസ് യുവിന്‍റെ പ്രതികരണം. അന്വേഷണ സമിതി അംഗങ്ങളുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും കെ എസ് യു ജില്ലാ പ്രസിഡന്‍റ് ഗോപു വിവരിച്ചു.