ആപ്പിള്‍-ഓപ്പണ്‍ എഐ കരാറില്‍ മസ്‌കിന് കലിപ്പ്: ഐഫോണ്‍ എന്റെ ഓഫീസില്‍ കയറ്റില്ലെന്ന് ഭീഷണി

സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിള്‍ ഓപ്പണ്‍ എഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന ഐഫോണിന്റെ പ്രഖ്യാപനം വന്നതോടെ ആപ്പിള്‍ ഉപകരണങ്ങള്‍ തന്റെ കമ്പനികളില്‍ നിരോധിക്കുമെന്ന് കോടീശ്വരന്‍ എലോണ്‍ മസ്‌ക് തിങ്കളാഴ്ച പറഞ്ഞു.

ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ലയുടെയും റോക്കറ്റ് നിര്‍മ്മാതാക്കളായ സ്പേസ് എക്സിന്റെയും സിഇഒയും സോഷ്യല്‍ മീഡിയ കമ്പനി എക്സിന്റെ ഉടമയുമായ മസ്‌ക് ആപ്പിളിന്റെ തീരുമാനത്തെ ‘അംഗീകരിക്കാനാവാത്ത സുരക്ഷാ ലംഘനമാണ്,’ എന്നാണ് എക്സിലെ ഒരു പോസ്റ്റില്‍ കുറിച്ചത്.

തന്റെ ഓഫീസുകളില്‍ എത്തുന്നവര്‍ അവരുടെ ആപ്പിള്‍ ഉപകരണങ്ങള്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അവ പുറത്ത് സൂക്ഷിക്കണമെന്നുമാണ് മസ്‌കിന്റെ നിര്‍ദേശം. എന്നാല്‍ മസ്‌കിന്റെ അഭിപ്രായത്തോട് ആപ്പിളും ഓപ്പണ്‍എഐയും പ്രതികരിച്ചിട്ടില്ല.

നേരത്തെ, ആപ്പിള്‍ അതിന്റെ ആപ്പുകളിലും ഓപ്പറേറ്റിംഗ് പ്ലാറ്റ്ഫോമുകളിലും ഉടനീളം AI സവിശേഷതകളും ഉപകരണങ്ങളിലേക്ക് ChatGPT സാങ്കേതികവിദ്യ കൊണ്ടുവരുന്നതിനായി OpenAIയുമായുള്ള കൈകോര്‍ക്കുന്നുവെന്നും പ്രഖ്യാപിച്ചിരുന്നു. സ്വകാര്യതയോടെയാണ് AI നിര്‍മ്മിച്ചിരിക്കുന്നതെന്നും ആ സവിശേഷതകള്‍ ശക്തിപ്പെടുത്തുന്നതിന് ഉപകരണത്തിലെ പ്രോസസ്സിംഗും ക്ലൗഡ് കമ്പ്യൂട്ടിംഗും സംയോജിപ്പിക്കുമെന്നും ആപ്പിള്‍ പറഞ്ഞു.

2015-ല്‍ താന്‍ സഹസ്ഥാപകനായിരുന്ന ഓപ്പണ്‍എഐയ്ക്കെതിരെയും അതിന്റെ സിഇഒ സാം ആള്‍ട്ട്മാനുമെതിരേ മാര്‍ച്ച് ആദ്യം മസ്‌ക് കേസ് കൊടുത്തിരുന്നു, ലാഭത്തിനുവേണ്ടിയല്ല, മനുഷ്യരാശിയുടെ പ്രയോജനത്തിനായി AI വികസിപ്പിക്കുക എന്ന സ്റ്റാര്‍ട്ടപ്പിന്റെ യഥാര്‍ത്ഥ ദൗത്യവും ലക്ഷ്യവും അവര്‍ ഉപേക്ഷിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.