തിരുവനന്തപുരം: ‘ദ് ഹിന്ദു’വിന് നല്‍കിയ അഭിമുഖത്തില്‍ വിവാദ പ്രസ്താവന കടന്നുകൂടിയതിനെപ്പറ്റി വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിമുഖം എടുക്കുന്നതിനിടെ പിആര്‍ ഏജന്‍സിയുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ച മുഖ്യമന്ത്രി അത് തന്റെഅറിവോടെയല്ലെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്. ഒരു പിആര്‍ എജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിനായി പണം മുടക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിമുഖത്തിനിടെ രണ്ടാമത്തെയാള്‍ എത്തിയിരുന്നു. അത് പിആര്‍ ഏജന്‍സിയാണെന്ന് അറിയില്ലായിരുന്നു. അഭിമുഖമാകാമെന്നു നിര്‍ബന്ധിച്ചത് സുബ്രഹ്മണ്യനാണെന്നും അദ്ദേഹത്തോടു വിശദീകരണം തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ‘എന്റെയൊരു അഭിമുഖത്തിനായി ദ് ഹിന്ദു പത്രം ആവശ്യപ്പെട്ടതായി പറയുന്നത് ആലപ്പുഴയിലെ സിപിഎം നേതാവ് ദേവകുമാറിന്റെ മകന്‍ സുബ്രഹ്മണ്യനാണെന്നും സുബ്രഹ്മണ്യനെ പരിചയമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ
‘ഹിന്ദു പത്രത്തിന് അഭിമുഖം നല്‍കുന്നത് എനിക്കും താല്‍പര്യമുള്ള കാര്യമാണ്. ആയിക്കോട്ടെ എന്നും പറഞ്ഞു. ഒറ്റപ്പാലത്തുള്ള ലേഖികയാണ് അഭിമുഖത്തിനു വന്നത്. ഒരുപാടു ചോദ്യം ചോദിച്ചു, മറുപടി പറഞ്ഞു. ഒരു ചോദ്യം പി.വി.അന്‍വറുമായി ബന്ധപ്പെട്ടായിരുന്നു. അത്ര സമയമില്ലാത്തതിനാല്‍, വിശദമായി പറയേണ്ടതിനാല്‍ ആവര്‍ത്തിക്കുന്നില്ല എന്നു പറഞ്ഞു. അഭിമുഖം തീര്‍ന്നപ്പോള്‍, വിഷമകരമായ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും എല്ലാത്തിനും നല്ല രീതിയില്‍ മറുപടി നല്‍കിയെന്നു പറഞ്ഞു നന്നായാണു ഞങ്ങള്‍ പിരിഞ്ഞത്. എന്നാല്‍, അഭിമുഖം പ്രസിദ്ധീകരിച്ചപ്പോള്‍ ഞാന്‍ പറയാത്ത കാര്യങ്ങളും വന്നിരുന്നു.
ഏതെങ്കിലും ഒരു ജില്ലയെയോ വിഭാഗത്തെയോ പ്രത്യേകമായി കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി എന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. എന്നിട്ടും എന്റേതായി ഇങ്ങനെ കൊടുത്തുവെന്നതു മനസ്സിലാക്കാന്‍ കഴിയാത്ത കാര്യമാണ്. ഇതില്‍ അവരുടെ വിശദീകരണം വന്നിട്ടുണ്ട്. ഞാനോ സര്‍ക്കാരോ ഒരു പിആര്‍ എജന്‍സിസെയും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു പൈസയും പിആര്‍ ഏജന്‍സിക്കു വേണ്ടി ഞാനോ സര്‍ക്കാരോ ചെലവഴിച്ചിട്ടില്ല. ദേവകുമാറിന്റെ മകനെ രാഷ്ട്രീയമായി അറിയാം. ചെറുപ്പം മുതലേ ഞങ്ങളുടെ കൂടെ നില്‍ക്കുന്നയാളാണ്. അയാള്‍ ആവശ്യപ്പെട്ടപ്പോള്‍ അഭിമുഖത്തിനു തയാറായി എന്നേയുള്ളൂ. മറ്റു കാര്യങ്ങള്‍ അവര്‍ തമ്മിലുള്ളതാണ്, എനിക്കറിയില്ല. അഭിമുഖത്തിലെ വിവാദമായ ഭാഗം അങ്ങനെ കൊടുക്കാന്‍ പാടില്ലല്ലോ. അതാണു ഹിന്ദു പത്രം വളരെ മാന്യമായി ഖേദം രേഖപ്പെടുത്തിയത്.
ഏതെങ്കിലും ഒരു ഭാഗം കിട്ടിയാല്‍, അതു ഞാന്‍ പറഞ്ഞതിന്റെ ഭാഗമായി കൊടുക്കാന്‍ പാടുണ്ടോ? ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ എഴുതുക മാത്രമല്ല, ഫോണില്‍ റിക്കോര്‍ഡ് ചെയ്യുന്നുമുണ്ട്. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയുന്നുണ്ട്. അവര്‍ തമ്മില്‍ എന്താണു നടന്നതെന്ന് എനിക്ക് പറയാനാകില്ല. ഈ പറയുന്ന ഏതെങ്കിലും ഭാഗം സുബ്രഹ്മണ്യന്റെ കയ്യില്‍നിന്നു വാങ്ങിയിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ കൂടി അവിടേക്കു വന്നു. ലേഖികയുടെ ആളാണെന്നാണു കരുതിയത്. പിന്നെയാണ് പിആര്‍ ഏജന്‍സിയുെട ആളാണെന്നു മനസ്സിലായത്, എനിക്ക് അവരെ പരിചയവും ബന്ധവുമില്ല. ഒരു പിആര്‍ ഏജന്‍സിയുമായും എനിക്കു ബന്ധമില്ല.
വിവാദമായ വാര്‍ത്താക്കുറിപ്പ് നല്‍കിയെന്നു പറയപ്പെടുന്ന ഏജന്‍സിയുമായി എനിക്കോ സര്‍ക്കാരിനോ ബന്ധമില്ല. ഞങ്ങളൊരു ഏജന്‍സിയെയും ഇക്കാര്യത്തിനു ചുമതലപ്പെടുത്തിയിട്ടില്ല. മാധ്യമങ്ങള്‍ തമ്മിലുള്ള പോരിന് എന്നെ ഇടനില ആക്കരുത്. നിങ്ങള്‍ ആ വഴി സ്വീകരിക്കരുത്. ഹിന്ദു പത്രത്തിന്റെ മാന്യമായ നിലപാട് നിങ്ങള്‍ സ്വീകരിക്കില്ല. മുഖ്യമന്ത്രി പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ല എന്നാണ് ഹിന്ദു പറഞ്ഞത്.
ഗള്‍ഫിലുള്ള പലരും ഏജന്‍സികള്‍ വഴി എന്റെ അഭിമുഖം എടുത്തിട്ടുണ്ട്, ഇപ്പോഴല്ല, വര്‍ഷങ്ങള്‍ക്കു മുന്‍പേ അങ്ങനെയാണ് എടുത്തിട്ടുള്ളത്. അതുപക്ഷേ, മലയാളികളുടെ സ്വാധീനം ഉപയോഗിച്ചാണ്. എനിക്കു ഡാമേജ് ഉണ്ടാക്കാനല്ലേ നിങ്ങള്‍ ശ്രമിക്കുന്നത്. ആ മോഹത്തോടെ നില്‍ക്ക് എന്നുമാത്രമേ എനിക്കു പറയാനുള്ളൂ. അങ്ങനെ ഡാമേജ് വരുത്താന്‍ പറ്റുന്ന വ്യക്തിത്വമല്ല എന്റേതെന്നതു വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഒരു പിആര്‍ ഏജന്‍സിയെയും ഞങ്ങള്‍ ചുമതലപ്പെടുത്തിയിട്ടില്ല. ഹിന്ദുവിന്റെ വിശദീകരണത്തില്‍ പറയുന്ന പിആര്‍ ഏജന്‍സിയെപ്പറ്റി എനിക്കറിയില്ല. ഹിന്ദു മാന്യമായി ഖേദപ്രകടനം നടത്തിയതിനാല്‍ ദ് ഹിന്ദുവിനെതിരെ നിയമനടപടിക്കില്ല. ഈ വിവാദത്തിനുശേഷം ഇതുവരെ സുബ്രഹ്മണ്യന്‍ എന്നെ ബന്ധപ്പെട്ടിട്ടില്ല.”