മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ട; സർക്കാരിന്റേത് പുതിയ ഡാമെന്ന നിലപാട്: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്നും മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി റോഷി അഗസ്റ്റിൻ. ഡാം തുറക്കേണ്ടി വന്നാൽ മതിയായ മുൻകരുതലുകൾ സ്വീകരിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യുമെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേർന്നിരുന്നു. ഇടുക്കി കലക്ടറേറ്റിലാണ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ കൈക്കൊള്ളേണ്ട തുടർ നടപടികളും യോഗം ചർച്ച ചെയ്തു.

കാലാവധി കഴിഞ്ഞ മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യം കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെന്റിൽ ഉന്നയിച്ചിരുന്നു. ഡാമിൻ്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിലും സജീവമാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമുന്നയിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide