ലക്‌നൗ: ഒരു വിവാഹം മുടങ്ങാന്‍ സദ്യ തന്നെ ധാരാളം. ഉത്തര്‍പ്രദേശിലെ ഒരു വിവാഹത്തിനാണ് സദ്യയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അടിയോടടി ഉണ്ടായത്. പനീറും പുലാവും പലതരം കറികളും ഉണ്ടായിട്ടും മത്സ്യവും മാംസവും വിളമ്പിയില്ലെന്ന് ആരോപിച്ചാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ഉത്തര്‍പ്രദേശിലെ ദേവരിയ ജില്ലയിലെ ആനന്ദ് നഗര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച നടന്ന സംഭവം ഇപ്പോഴാണ് പുറത്തെത്തുന്നത്. വിവാഹത്തിനായി വരനും കൂട്ടരും വധുവിന്റെ വീട്ടിലെത്തുകയും ചടങ്ങുകള്‍ തുടങ്ങുകയും ചെയ്തു. ‘വര്‍മല’ എന്നറിയപ്പെടുന്ന മാലകള്‍ കൈമാറുന്ന ചടങ്ങുള്‍പ്പെടെ നടന്നു. അതിനിടെയാണ് സദ്യയില്‍ മാംസാഹാരം ഇല്ലെന്ന് അറിയുന്നത്. ഇത് വരന്‍െകുടുംബത്തെ പ്രകോപിപ്പിച്ചു. അവര്‍ മോശം ഭാഷയില്‍ പ്രതികരിക്കുകയും വാക്കേറ്റം കയ്യാങ്കളിയില്‍ എത്തുകയും ചെയ്തു. വരന്റെ കുടുംബം വധുവിന്റെ കുടുംബത്തെ വടികൊണ്ട് അടിച്ചതായും കസേര ഉള്‍പ്പെടെ എല്ലാം തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
തുടര്‍ന്ന് വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറുകയും ചെയ്തു. സംഭവത്തെപ്പറ്റി വധുവിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. അഞ്ചുലക്ഷത്തോളം വില വരുന്ന കാറും ചില സമ്മാനങ്ങളും സ്ത്രീധനമായി വരന് നല്‍കിയെന്നും പരാതിയില്‍ പറയുന്നു.