
ഇംഫാല്‍: ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനവേദിക്ക് ഇംഫാലില്‍ അനുമതി നിഷേധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ പരിപാടി സംഘടിപ്പിക്കാനുള്ള അനുമതിയാണ് നിലവിൽ നിഷേധിച്ചിരിക്കുന്നത്. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിൽ നിന്നും ജനുവരി 14-ന് യാത്ര ആരംഭിക്കാനായിരുന്നു തീരുമാനം.
മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേൻ സിങുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കേഷാം മേഘചന്ദ്രയാണ് അനുമതി നിഷേധിച്ച വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. സംസ്ഥാനത്തെ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് അറിയിച്ചു. അനുമതിയുടെ വിഷയം പരിഗണനയിലുണ്ട്. വിവിധ സുരക്ഷാ ഏജൻസികളിൽ നിന്നുള്ള റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനുവരി രണ്ടിനാണ് അനുമതി തേടി കോണ്‍ഗ്രസ് മണിപ്പൂർ സര്‍ക്കാരിനെ സമീപിച്ചത്. അപേക്ഷക്ക് യാതൊരു മറുപടിയും ലഭിക്കാതിരുന്നതോടെയാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ടതെന്നും കേഷാം മേഘചന്ദ്ര പറഞ്ഞു.
ഉദ്ഘാടന വേദിക്ക് മണിപ്പൂർ സർക്കാർ അനുമതി നിഷേധിച്ചതിന് പിന്നാലെ ഭാരത് ജോഡോ ന്യായ് യാത്ര ജനുവരി 14ന് മണിപ്പൂരിൽ നിന്ന് ആരംഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. യാത്ര വലിയ വിജയമാകുമെന്നും എല്ലാം സംസ്ഥാനങ്ങളിലും അതിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്നും വേണുഗോപാൽ അറിയിച്ചു.