കാര്‍ അപകടമുണ്ടാക്കി ഭാര്യയേയും രണ്ടു കുട്ടികളേയും കൊല്ലാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജനെ ശിക്ഷിക്കാതെ യു.എസ് കോടതി. ഇന്ത്യന്‍ വംശജനായ കാലിഫോര്‍ണിയയിലെ റേഡിയോളജിസ്റ്റ് ഡോക്ടര്‍ ധര്‍മേഷ് പട്ടേല്‍ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കോടതി ശിക്ഷ ഒഴിവാക്കിയത്. കൂടാതെ, മാനസികാരോഗ്യ ചികിത്സയും ഇദ്ദേഹത്തിന് ലഭിക്കും.
അപകടകരമായ രീതിയില്‍ മലഞ്ചെരുവിലെ പാറക്കെട്ടിലൂടെ ടെസ്ല കാറോടിക്കുകയും തുടര്‍ന്ന് കാര്‍ 250 അടി താഴ്ചയിലേക്ക് പതിക്കുകയും ചെയ്തിരുന്നു. എങ്കിലും കുട്ടികള്‍ ഉള്‍പ്പെടെ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സംഭവമുണ്ടായത്. പട്ടേലിന്റെ ഭാര്യ നേഹയെയും 7ഉം 4ഉം വയസ്സുള്ള രണ്ട് കുട്ടികളും കാറിലുണ്ടായിരുന്നു. ഒരു സൈക്കോട്ടിക് തകരാറിനെ തുടര്‍ന്നാണ് ധര്‍മേഷ് ഇത്തരത്തില്‍ ചെയ്തതെന്നാണ് വിവരം. കുട്ടികള്‍ സെക്‌സ് ട്രാഫിക്കിംഗിന് ഇരയാകാന്‍ സാധ്യതയുണ്ടെന്ന് പട്ടേല്‍ വിശ്വസിച്ചിരുന്നുവെന്നും ഇതാണ് കാര്‍ അപകടത്തിന് ഇടയാക്കിയതെന്നും മനഃശാസ്ത്രജ്ഞര്‍ കോടതിയെ അറിയിച്ചു. മനപ്പൂര്‍വ്വം കാര്‍ അപകടം ഉണ്ടാക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചെന്ന് ഭാര്യ സമ്മതിച്ചെങ്കിലും ഭര്‍ത്താവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും പിന്നീട് മൊഴി നല്‍കി.
ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച് അപകടത്തിന് ആഴ്ചകള്‍ക്ക് മുമ്പ് ഇയാള്‍ക്ക് സ്‌കീസോഫെക്റ്റീവ് ഡിസോര്‍ഡര്‍, ഡിപ്രസീവ് ഡിസോര്‍ഡര്‍ എന്നിവ ഉണ്ടായിരുന്നു. ‘തന്റെ കുട്ടികള്‍ തട്ടിക്കൊണ്ടുപോകപ്പെടാന്‍ സാധ്യതയുണ്ടെന്നും ഒരുപക്ഷേ ലൈംഗിക പീഡനത്തിന് വിധേയരാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വിശ്വസിച്ചിരുന്നതായും ആ ആശങ്ക അവരെ കൊല്ലാമെന്ന ചിന്തയിലേക്ക് നയിച്ചതാണെന്നും മനഃശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഇതെല്ലാം കണക്കിലെടുത്താണ് പട്ടേലിനെ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിന് പകരം മാനസികാരോഗ്യ ചികിത്സ നേടാന്‍ കോടതി അനുവദിച്ചത്. കുറ്റകൃത്യത്തില്‍ അസുഖം വലിയ പങ്കുവഹിച്ചാല്‍ മാത്രമേ ഇത്തരമൊരു വ്യവസ്ഥ പരിഗണിക്കാന്‍ കഴിയൂ എന്ന് നിയമം പറയുന്നു.
ഡോക്ടര്‍മാരുടെ രോഗനിര്‍ണയത്തെ അടിസ്ഥാനമാക്കി സുപ്പീരിയര്‍ കോടതി ജഡ്ജി സൂസന്‍ എം. ജകുബോവ്‌സ്‌കി പട്ടേലിനെ കാലിഫോര്‍ണിയയിലെ മാതാപിതാക്കള്‍ക്ക് ഒപ്പം വിട്ടയക്കാന്‍ ഉത്തരവിടുകയും ചെയ്തു. കൂടാതെ, ഇദ്ദേഹത്തെ ജിപിഎസ് ഉപയോഗിച്ച് നിരീക്ഷിക്കും. ആഴ്ചയില്‍ ഒരിക്കല്‍ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാനും അനുവാദമില്ല, കൂടാതെ ഡ്രൈവിംഗ് ലൈസന്‍സും പാസ്പോര്‍ട്ടും ഇദ്ദേഹം സറണ്ടര്‍ ചെയ്യണം.