ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 23 വരെ നീട്ടി ഡൽഹി കോടതി. രാജ്യതലസ്ഥാനത്ത് മദ്യം വിൽക്കുന്നതിനുള്ള ലൈസൻസിന് പകരമായി കൈക്കൂലി നൽകിയെന്നാരോപിച്ച് കവിതയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) മാർച്ച് 15നാണ് അറസ്റ്റ് ചെയ്തത്. ബിആർഎസ് നേതാവ് പ്രഥമദൃഷ്ട്യാ തെളിവ് നശിപ്പിക്കുക മാത്രമല്ല സാക്ഷികളെ സ്വാധീനിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തുവെന്നും ഇളവ് അനുവദിച്ചാൽ അത് തുടരാൻ എല്ലാ സാധ്യതയുണ്ടെന്നും പറഞ്ഞ് ഡൽഹി കോടതി ജാമ്യം നിഷേധിച്ചു.
അതേസമയം, മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ ഏപ്രിൽ മൂന്നിന് ഹർജിയിൽ അന്തിമ വാദം പൂർത്തിയായിരുന്നു. ഉച്ചക്ക് 2:30നാണ് വിധി പ്രസ്താവന. ജസ്റ്റിസ് സ്വർണ കാന്ത ശർമയാണ് വിധി പറയുന്നത്.
കെജ്‌രിവാളിൻ്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നിന്നും അനുകൂലമായ വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ആം ആദ്മി നേതാവും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു, “എനിക്ക് കോടതിയിൽ നിന്ന് പ്രതീക്ഷയില്ല, നമുക്ക് നോക്കാം.”