അലഹബാദ്: ജ്ഞാനവാപി മസ്ജിദ് സമുച്ചയത്തിൻ്റെ സീൽ ചെയ്ത നിലവറയ്ക്കുള്ളിൽ ഹിന്ദു വിഭാഗത്തിന് ആരാധന നടത്താൻ അനുമതി നൽകിയ വാരണാസി കോടതി ഉത്തരവിനെതിരെ അഞ്ജുമാൻ ഇൻ്റസാമിയ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി പരിഗണിക്കാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു.
ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിൻ്റെ സിംഗിൾ ബെഞ്ച് ഗ്യാൻവാപി പള്ളി പരിസരത്തും പുറത്തും ക്രമസമാധാനം നിലനിർത്താൻ അഡ്വക്കേറ്റ് ജനറലിനോട് ഉത്തരവിട്ടു. കേസിൻ്റെ അടുത്ത വാദം ഫെബ്രുവരി ആറിന് നടക്കും.
നേരത്തെ, ഗ്യാൻവാപി മസ്ജിദിന്റെ തെക്കൻ നിലവറയിൽ പൂജ നടത്താൻ അനുവദിച്ച ജില്ലാ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് മുസ്ലീം പള്ളി കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി മസ്ജിദ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
പൂജക്ക് അനുമതി നൽകിയുള്ള കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം ‘വ്യാസ് കാ തെഹ്ഖാന’ എന്നറിയപ്പെടുന്ന നിലവറയിൽ പൂജയും പ്രസാദ വിതരണവും ആരംഭിച്ചിരുന്നു. 1993ൽ അടച്ചുപൂട്ടി മുദ്രവെച്ച തെക്കുഭാഗത്തെ നിലവറ ഒരാഴ്ചക്കകം തുറന്നുകൊടുത്ത് പൂജക്ക് സൗകര്യങ്ങളൊരുക്കാനാണ് വാരാണസി ജില്ല കോടതി വിധിച്ചത്. വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്‍കിയ ഹരജിയിലാണ് അനുമതി ലഭിച്ചത്.