അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബൈഡനേക്കാള്‍ സാധ്യത ട്രംപിനെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. അതിനിടെ പ്രസിഡന്റ് ബൈഡന്‍ റഷ്യന്‍ അധിനി വേശത്തിനെതിരെ യുദ്ധം ചെയ്യുന്ന യുക്രെനൊപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ബൈഡന്‍ പരാജയപ്പെടുകയും ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്താല്‍ ഈ നിലപാടില്‍ മാറ്റം വരുമോ എന്നതടക്കം ചര്‍ച്ചയാണ്.
വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കിടെ, ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ തനിക്ക് ആശങ്കയില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി. ‘ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായാല്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ കരുതുന്നു. ഇതിനെക്കുറിച്ച് എനിക്ക് ആശങ്കയില്ല,’ എന്നാണ് കീവില്‍ ഒരു പത്രസമ്മേളനത്തില്‍ സെലെന്‍സ്‌കി പറഞ്ഞത്.
മൂന്നാം വര്‍ഷവും തുടരുന്ന റഷ്യന്‍ സേനയ്ക്കെതിരായ പോരാട്ടത്തില്‍ യുക്രെയ്‌ന് നിലവിലെ അമേരിക്കന്‍ ഭരണകൂടം വലിയ പിന്തുണയാണ് നല്‍കുന്നത്. നാറ്റോ പ്രതിരോധ സഖ്യ ഉച്ചകോടിക്കായി അടുത്തിടെ യുഎസിലേക്ക് പോയപ്പോള്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാരെ കണ്ടിരുന്നുവെന്നും പാര്‍ട്ടിയുടെ പിന്തുണ ഉറപ്പുനല്‍കിയതായും സെലെന്‍സ്‌കി പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭൂരിഭാഗം പേരും ഉക്രെയ്നെയും ഉക്രെയ്നിലെ ജനങ്ങളെയും പിന്തുണയ്ക്കുന്നുവെന്ന് ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നുവെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുക്കപ്പെട്ടാല്‍ 2025 ജനുവരിയില്‍ അധികാരമേല്‍ക്കുന്നതിന് മുമ്പ് ഉക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കപ്പെടുമെന്ന് പ്രസിഡന്റ് ജോ ബൈഡനുമായുള്ള സംവാദത്തിനിടെ ട്രംപ് മുമ്പ് പറഞ്ഞിരുന്നു.