ധാക്ക: സംവരണ വിരുദ്ധ പ്രക്ഷോഭത്തിനു പിന്നാലെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഷെഖ് ഹസീന പലായനം ചെയ്ത സാഹചര്യത്തിൽ ഇടക്കാല സർക്കാർ ഉടൻ രൂപീകരിക്കാൻ തീരുമാനം. നൊബേൽ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കണം എന്ന ആവശ്യമാണ് പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്ന വിദ്യാർഥി നേതാക്കൾ മുന്നോട്ട് വെച്ചിരിക്കുന്നത്. ‘മാർച്ച് ടു ധാക്ക’ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ‘വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാന’ത്തിന്‍റെ നേതാക്കളാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. പ്രധാന വിദ്യാർഥി നേതാക്കളായ നഹിദ് ഇസ് ലാം, അസിഫ് മുഹമ്മദ്, അബൂബക്കർ മസൂംദാർ എന്നിവർ പുറത്തിറക്കിയ വിഡിയോ സന്ദേശത്തിലാണ് ഇക്കാര്യം മുന്നോട്ടുവച്ചത്. ബംഗ്ലാദേശിലെ നിലവിലെ വെല്ലുവിളി നേരിടാൻ മുഹമ്മദ് യൂനുസ് വേണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തിൽ മുഹമ്മദ് യൂനുസ് മുഖ്യ ഉപദേശകൻ ആയിട്ടുള്ള സർക്കാർ ആകും രൂപീകരിക്കുക.
2006-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവാണ് ഡോ. യൂനുസ്. ബംഗ്ലാദേശിന് രണ്ടാം സ്വാതന്ത്ര്യം ലഭിച്ച പ്രതീതിയാണെന്നാണ് ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിനോട് ഡോ. മുഹമ്മദ് യൂനുസ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അവർ ഒരു അധിനിവേശ ശക്തിയെപ്പോലെയാണ് ഭരിച്ചത്. സ്വേച്ഛാധിപതിയെയും ജനറലിനെയും പോലെ എല്ലാം നിയന്ത്രിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റം. ഇന്ന് മോചനം ലഭിച്ചതായി ബംഗ്ലാദേശിലെ എല്ലാ ജനങ്ങൾക്കും തോന്നുന്നുവെന്നും യൂനുസ് ചൂണ്ടിക്കാട്ടിയിരുന്നു.