നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശ് ഇടക്കാല സർക്കാരിനെ നയിക്കും

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം ഇടക്കാല സർക്കാരിനെ നയിക്കാൻ നൊബേൽ ജേതാവായ മുഹമ്മദ് യൂനുസിനെ തിരഞ്ഞെടുത്തതായി രാജ്യത്തിൻ്റെ പ്രസിഡൻറ് ബുധനാഴ്ച രാവിലെ പ്രഖ്യാപിച്ചു.

പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ, സൈനിക മേധാവികൾ, സ്റ്റുഡെന്റ്സ് എഗെയ്ൻസ്റ്റ് ഡിസ്ക്രിമിനേഷൻ ഗ്രൂപ്പിൻ്റെ തലവൻമാർ എന്നിവരുടെ യോഗത്തിലാണ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള തീരുമാനമെടുത്തതെന്ന് ഷഹാബുദ്ദീൻ്റെ പ്രസ് ഓഫീസ് അറിയിച്ചു.

പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ മൂന്ന് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം വിദ്യാർത്ഥി സംഘടനയുടെ നേതാവ് നഹിദ് ഇസ്ലാം മാധ്യമപ്രവർത്തകരോട് തീരുമാനം സ്ഥിരീകരിച്ചു. എത്രയും പെട്ടെന്നു തന്നെ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന ഉറപ്പ് ലഭിച്ചതായും നഹിദ് ഇസ്ലാം വ്യക്തമാക്കി.

“പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സഹായിക്കാൻ പ്രസിഡൻ്റ് ജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രതിസന്ധി മറികടക്കാൻ ഒരു ഇടക്കാല സർക്കാർ വേഗത്തിൽ രൂപീകരിക്കേണ്ടത് ആവശ്യമാണ്,” ഷഹാബുദ്ദീൻ്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിടാൻ കാരണമായ പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ഷഹാബുദ്ദീൻ ദേശീയ പോലീസ് മേധാവിയെ പുറത്താക്കുകയും പകരക്കാരനെ നിയമിക്കുകയും ചെയ്തതായി അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു.