നൊബേൽ രസതന്ത്രത്തിലും അമേരിക്കൻ തിളക്കം, പ്രോട്ടീൻ പഠനത്തിലൂടെ ഡേവിഡ് ബേക്കർക്ക്‌ പുരസ്‌കാരം, ഒപ്പം ഡെനിസ് ഹസ്സബിസും ജോൺ ജംപറും

സ്റ്റോക്ക്ഹോം: ഈ വർഷത്തെ രസതന്ത്ര നോബൽ പുരസ്‌കാരത്തിലും അമേരിക്കൻ തിളക്കം. ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജംപർ എന്നീ ശാസ്ത്രജ്ഞർക്കാണ് ഇത്തവണത്തെ പുരസ്‌കാരം. കമ്പ്യൂട്ടറുകളുടെ സഹായത്തോടെ പ്രോട്ടീൻ ഡിസൈൻ സാധ്യമാക്കുകയും നിർമിതബുദ്ധി (എ ഐ) യുടെ സഹായത്തോടെ പ്രോട്ടീൻ ഘടനകൾ പ്രവചിക്കാനുള്ള വിദ്യകൾ വികസിപ്പിക്കുകയും ചെയ്തതിനാണ് അംഗീകാരം.

യു.എസിൽ സിയാറ്റിലിലെ വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ ഡേവിഡ് ബേക്കർക്ക് സമ്മാനത്തുകയുടെ പകുതി ലഭിക്കും. ബാക്കി പകുതി ലണ്ടനിൽ ‘ഗൂഗിൾ ഡീപ്മൈന്റി’ലെ ഗവേഷകരായ ഡെനിസ് ഹസ്സബിസ്, ജോൺ ജംപർ എന്നിവർ പങ്കിടും. കംപ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈൻ സാധ്യമാക്കിയ ഗവേഷകനാണ് ബേക്കർ. നിർമിതബുദ്ധിയുടെ സാധ്യതകളുപയോഗിച്ച്, പ്രോട്ടീനുകളുടെ ഘടനകൾ പ്രവചിക്കാൻ വഴിതുറന്നവരാണ് മറ്റ് രണ്ടുപേർ. 10.61 ലക്ഷം ഡോളറാണ് സമ്മാനത്തുക.

ജീവശരീരത്തിലെ എല്ലാ രാസപ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്ന തന്മാത്രകളാണ് പ്രോട്ടീനുകൾ. ഇവയിൽ പലതും ഹോർമോണുകളായും, ആന്റിബോഡികളായും പ്രവർത്തിക്കുന്നു. സാധാരണയായി പ്രോട്ടീനുകളിൽ കാണുന്ന 20 അമിനോ ആസിഡുകളെ ഉപയോഗിച്ച് ജീവശരീരത്തിൽ കാണപ്പെടാത്ത പുതിയ പ്രോട്ടീനുകൾ നിർമ്മിച്ചതാണ് യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിലെ പ്രൊഫസറായ ഡേവിഡ് ബേക്കറിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

മരുന്നുകൾ, വാക്സിനുകൾ, സെൻസറുകൾ തുടങ്ങി പല മേഖലകളിൽ ഈ പുതിയ പ്രോട്ടീനുകൾ ഉപയോഗിക്കാനാവും. ഇന്നുവരെ കണ്ടെത്തിയ ഇരുന്നൂറ് ദശലക്ഷം പ്രോട്ടീനുകളുടെ ഘടന കണ്ടെത്താൻ സഹായിക്കുന്ന AlphaFold2 എന്ന എ ഐ ടൂൾ വികസിപ്പിച്ചതിനും, പ്രോട്ടീനുകളുടെ ഘടന പ്രവചിച്ചതിനുമാണ് ഗൂഗിൾ ഡീപ് മൈൻറ്ന്റെ സി എ ഓ ആയ ഡെമിസ് ഹസാബിസിനും അതേ സ്ഥാപനത്തിലെ മുതിർന്ന ഗവേഷകനായ ജോൺ ജംപറിനും നോബൽ നല്കപ്പെടുന്നത്.

ഇന്ന് 20 ലക്ഷത്തിലേറെ ഗവേഷകർ ഇവർ വികസിപ്പിച്ച ടൂൾ ഉപയോഗിക്കുന്നുണ്ട്. പ്രോട്ടീനുകളുടെ പ്രവർത്തനം മനസ്സിലാക്കാനും , പ്രത്യേക ദൌത്യങ്ങൾ നിർവ്വഹിക്കുന്ന പുതിയ പ്രോട്ടീൻ ഘടനകൾ വികസിപ്പിക്കാനും ഇവരുടെ കണ്ടെത്തൽ സഹായിക്കുന്നു.