ന്യൂഡൽഹി: രാഷ്ട്രപിതാവ് ഗാന്ധിജിയെ കുറിച്ച് വിവാദ പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഗാന്ധി’ സിനിമ വരുന്നതുവരെ മഹാത്മ ഗാന്ധിയെക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു എന്നാണ് മോദി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ പറഞ്ഞത്. മോദിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം റമേശ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഗാന്ധിയുടെ ഭക്തരും ഗോഡ്സേയുടെ ഭക്തരും തമ്മിലുള്ള പോരാട്ടമാണ് 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പെന്നു ജയ്റാം രമേശ് പറഞ്ഞു.
“മഹാത്മ ഗാന്ധി ഒരു വലിയ വ്യക്തിത്വമായിരുന്നു. കഴിഞ്ഞ 75 വർഷത്തിനിടയിൽ ലോകം അദ്ദേഹത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കണം എന്നത് നമ്മുടെ ഉത്തരവാദിത്തമായിരുന്നു. എന്നാൽ ആരും അദ്ദേഹത്തെ അറിഞ്ഞില്ല. ‘ഗാന്ധി’ സിനിമയുടെ റിലീസിന് ശേഷമാണ് അദ്ദേഹത്തെ കുറിച്ച് കൂടുതലറിയാൻ ലോകം താൽപര്യം കാണിച്ചത്,” എന്നാണ് മോദി അഭിമുഖത്തിൽ പറഞ്ഞത്.
എ.ബി.പി. ന്യൂസ് അഭിമുഖത്തിന്റെ ഈ ഭാഗം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മോദി മഹാത്മാഗാന്ധിയുടെ പാരമ്പര്യത്തെ തകര്‍ക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് എക്സില്‍ കുറിച്ചു. 1982-ന് മുമ്പ് മഹാത്മാഗാന്ധിയെ അറിയാതിരുന്ന ഒരു ലോകത്താണ് സ്ഥാനമൊഴിയാന്‍ പോകുന്ന നമ്മുടെ പ്രധാനമന്ത്രി ജീവിക്കുന്നത്. ഗാന്ധിജിയുടെ പാരമ്പര്യം ആരെങ്കിലും തകര്‍ത്തിട്ടുണ്ടെങ്കില്‍ അത് സ്ഥാനമൊഴിയാന്‍ പോകുന്ന പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ സര്‍ക്കാരാണ് വാരാണസിയിലും ഡല്‍ഹിയിലും അഹമ്മദാബാദിലുമുള്ള ഗാന്ധിയന്‍ സ്ഥാപനങ്ങള്‍ നശിപ്പിച്ചത്.’ -ജയ്റാം രമേശ് കുറിച്ചു.
കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദും മോദിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. സ്വബോധം നഷ്ട്ടപ്പെട്ട പ്രധാനമന്ത്രി എന്നാണ് ഷമ മുഹമ്മദ് മോദിയെ വിശേഷിപ്പിച്ചത്. അഭിമുഖത്തിൽ മോദിയെ തിരുത്താൻ തയാറാവാതിരുന്ന മാധ്യമപ്രവർത്തകരെയും ഷമ മുഹമ്മദ് വിമർശിച്ചു.
“മഹാത്മ ഗാന്ധി മരിച്ചപ്പോൾ ആൽബർട്ട് ഐൻസ്റ്റീൻ അദ്ദേഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. മാർട്ടിൻ ലൂഥർ കിങ് തന്റെ പ്രചോദനമാണ് ഗാന്ധിയെന്ന് പറഞ്ഞിട്ടുണ്ട്. ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും അദ്ദേഹത്തിന്റെ പ്രതിമകളുണ്ട്. അഭിമുഖത്തിൽ ഏറ്റവും സങ്കടം തോന്നിയത് അദ്ദേഹത്തെ തിരുത്താതെ മൂകമായിരുന്ന മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ്,” ഷമ എക്സിൽ കുറിച്ചു.