നിയമങ്ങള്‍ക്കൊണ്ടും നിയന്ത്രണങ്ങള്‍ക്കൊണ്ടും കടുത്ത ഭരണരീതി പിന്തുടരുന്ന രാജ്യമാണ് ഉത്തരകൊറിയ. ഭരണാധികാരി കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ ഉത്തര കൊറിയ കര്‍ശനവും പലപ്പോഴും അസാധാരണവുമായ നിയമങ്ങള്‍ നടപ്പിലാക്കാറുണ്ട്. അത് ആളുകളുടെ സ്വാതന്ത്ര്യത്തെയും ഫാഷന്‍ തിരഞ്ഞെടുപ്പുകളെ വരെയും സ്വാധീനിക്കാറുണ്ട്. ജനപ്രിയ ആഗോള ഫാഷന്‍, കോസ്‌മെറ്റിക് ബ്രാന്‍ഡുകള്‍ എന്നിവയ്ക്ക് ഉത്തരകൊറിയന്‍ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തുന്നുണ്ട്. ഇത് പാലിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷയും നല്‍കാറുണ്ട്. ഇപ്പോഴിതാ ഉത്തരകൊറിയന്‍ സര്‍ക്കാര്‍ ചുവന്ന ലിപ്സ്റ്റിക്ക് നിരോധിച്ചിരിക്കുകയാണ്.
ചുവപ്പ് നിറത്തിന് കമ്മ്യൂണിസവുമായി ചരിത്രപരമായ ബന്ധമുണ്ടെങ്കിലും, ഉത്തരകൊറിയ അത് നിരോധിക്കാനുള്ള കാരണം ഇതല്ല. നേതൃത്വം അതിനെ മുതലാളിത്തത്തിന്റെ പ്രതീകമായി കാണുന്നു എന്നതാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ കനത്ത മേക്കപ്പിനെ ഉത്തര കൊറിയ വെറുക്കുകയും പാശ്ചാത്യ സ്വാധീനത്തിന്റെ അടയാളമായി കാണുകയും ചെയ്യുന്നു. മാത്രമല്ല, ചുവന്ന ലിപ്സ്റ്റിക്ക് ധരിക്കുന്ന സ്ത്രീകള്‍ ആളുകളെ ആകര്‍ഷിക്കുമെന്ന് ഭരണകൂടം ആശങ്കപ്പെടുന്നു. അങ്ങനെ വന്നാല്‍ അത് സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമാണ്. അതിനാല്‍, നിയമം അനുസരിച്ച് സ്ത്രീകള്‍ക്ക് കുറഞ്ഞ മേക്കപ്പ് മാത്രമേ ധരിക്കാന്‍ അനുവാദമുള്ളൂ. ചുവപ്പ് ഒരു കടുത്ത നിറമായതിനാല്‍ അത് ചുണ്ടുകള്‍ക്ക് അധിക നിറം നല്‍കുകയും ശ്രദ്ധാ കേന്ദ്രങ്ങളായി മാറുമെന്നും പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
ചുവന്ന ലിപ്സ്റ്റിക്ക് മാത്രമല്ല, വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള ഉത്തരകൊറിയയുടെ കടന്നുകയറ്റം ഇതിനുമപ്പുറമാണ്. കിം ജോങ് ഉന്‍ ഭരണകൂടം സ്‌കിന്നി അല്ലെങ്കില്‍ ബ്ലൂ ജീന്‍സ്, ബോഡി പിയേഴ്‌സിംഗ്, നീളമുള്ള മുടി ഉള്‍പ്പെടെയുള്ള ചില ഹെയര്‍സ്‌റ്റൈലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം അംഗീകരിച്ച ഹെയര്‍സ്‌റ്റൈലുകള്‍ മാത്രമേ അനുവദിക്കൂ. അവിടം കൊണ്ടും തീര്‍ന്നില്ല. ആളുകള്‍ ഈ നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍, അവര്‍ക്ക് ‘ഗ്യുചാല്‍ഡേ’ അഥവാ ഫാഷന്‍ പോലീസും ഉണ്ട്. അവരുടെ ഡ്യൂട്ടി എല്ലാവരും നിയന്ത്രണങ്ങള്‍ അനുസരിക്കുന്നുണ്ടോ എന്ന് സദാ സൂക്ഷ്മമായി നിരീക്ഷിക്കലാണ്.