സിയോള്‍: ചൊവ്വാഴ്ച പുലര്‍ച്ചെ ഉത്തര കൊറിയ ഒരു ബാലിസ്റ്റിക് മിസൈല്‍കൂടി തൊടുത്തുവിട്ടു. പുതിയ പ്രസിഡന്റിനായി അമേരിക്കക്കാര്‍ വോട്ടുചെയ്യുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പാണ് ഉത്തരകൊറിയയുടെ രണ്ടാമത്തെ വിക്ഷേപണവും നടന്നിരിക്കുന്നത്.
ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്ത് നിന്ന് ജപ്പാന്‍ കടല്‍ എന്നും വിളിക്കുന്ന ദക്ഷിണ കൊറിയയുടെ കിഴക്കന്‍ കടല്‍ ഭാഗത്തേക്കാണ് മിസൈല്‍ തൊടുത്തുവിട്ടത്. ടോക്കിയോയും വിക്ഷേപണം സ്ഥിരീകരിച്ചിട്ടുണ്ട്.
വ്യാഴാഴ്ച, ആണവായുധങ്ങളുള്ള നോര്‍ത്ത് അതിന്റെ ഏറ്റവും നൂതനവും ശക്തവുമായ ഖര ഇന്ധന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ICBM) പരീക്ഷിച്ചിരുന്നു. റഷ്യയിലേക്ക് സൈനികരെ അയച്ചതിന് ശേഷം കിം ജോങ് ഉന്നിന്റെ ആദ്യ ആയുധ പരീക്ഷണമായിരുന്നു ആ വിക്ഷേപണം.
ഞായറാഴ്ച, ദക്ഷിണ കൊറിയ, ജപ്പാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവ ഐസിബിഎം വിക്ഷേപണത്തിന് മറുപടിയായി കനത്ത ബോംബര്‍ ഉള്‍പ്പെടുന്ന സംയുക്ത വ്യോമാഭ്യാസം നടത്തിയിരുന്നു. യുഎസിന്റെ ബി-1ബി ബോംബര്‍, ദക്ഷിണ കൊറിയയുടെ എഫ്-15കെ, കെഎഫ്-16 യുദ്ധവിമാനങ്ങള്‍, ജപ്പാന്റെ എഫ്-2 ജെറ്റുകള്‍ എന്നിവ അണിനിരത്തിയായിരുന്നു ശക്തി തെളിയിക്കല്‍.