വിഷിംഗ്ടണ്‍ : ഡോണള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഉത്തരകൊറിയ ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ ദക്ഷിണ കൊറിയയിലേക്ക് കൂറുമാറിയ ഉത്തരകൊറിയന്‍ നയതന്ത്രജ്ഞന്‍ ഇക്കാര്യം വെളിപ്പെടുത്തിയതായി
റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2016 ന് ശേഷം ദക്ഷിണ കൊറിയയിലേക്ക് കൂറുമാറിയ ഉത്തരകൊറിയന്‍ നയതന്ത്രജ്ഞനായ റി ഇല്‍ ഗ്യുവാണ് വിവരത്തിന് പിന്നില്‍.
അന്താരാഷ്ട്ര മാധ്യമങ്ങളുമായുള്ള തന്റെ ആദ്യ അഭിമുഖത്തില്‍, ഈ വര്‍ഷവും അതിനുശേഷവും ഉത്തരകൊറിയ റഷ്യ, യു.എസ്, ജപ്പാന്‍ എന്നീ രാജ്യങ്ങളെ തങ്ങളുടെ വിദേശ നയ മുന്‍ഗണനകളായി നിശ്ചയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുമ്പ് ട്രംപ് പ്രസിഡന്റായിരുന്നപ്പോള്‍ ഉത്തരകൊറിയയുമായി മികച്ച നയതന്ത്ര ബന്ധത്തിലായിരുന്നത് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ട്രംപും തമ്മില്‍ 2019-ല്‍ വിയറ്റ്‌നാമില്‍ നടന്ന ഒരു ഉച്ചകോടി ഉപരോധവിഷയത്തിന്മേല്‍ ഇല്ലാതായെന്നും ‘അനുഭവപരിചയമില്ലാത്ത, അറിവില്ലാത്ത’ സൈനിക കമാന്‍ഡര്‍മാരെ ആണവ നയതന്ത്രം ഏല്‍പ്പിക്കാനുള്ള കിമ്മിന്റെ തീരുമാനം തെറ്റായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചോ നയതന്ത്രത്തെക്കുറിച്ചോ തന്ത്രപരമായ വിലയിരുത്തലിനെക്കുറിച്ചോ കിം ജോങ് ഉന്നിന് കാര്യമായ അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.