ന്യൂഡൽഹി: ലെബനനിലെ പേജർ സ്ഫോടനത്തിൽ പങ്കുണ്ടെന്ന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് മലയാളിയായ റിൻസൺ ജോസിനെതിരെ സേർച്ച് വാറണ്ട് പുറപ്പെടുവിച്ച് നോർവേ പൊലീസ്. അന്താരാഷ്ട്ര തലത്തിൽ യെല്ലോ നോട്ടിസ് പുറപ്പെടുവിച്ചതായും അന്വേഷണം ആരംഭിച്ചതായും ക്രിമിനൽ അന്വേഷണവിഭാഗമായ ക്രിപ്പോസ് സ്ഥിരീകരിച്ചു.
ലെബനനിൽ പേജർ സ്ഫോടനമുണ്ടായ 17 ന് രാത്രിയാണ് നോർവീജിയൻ പൗരനായ, വയനാട്, മാനന്തവാടി സ്വദേശി റിൻസൺ ജോസ് നോർവേയിലെ ഓസോയിൽ നിന്ന് അമേരിക്കയിലേക്ക് പോയത്. മുൻകൂട്ടി നിശ്ചയിച്ച യാത്രയെന്ന് പറഞ്ഞാണ് റിൻസൻ ബോസ്റ്റണിലേക്ക് പോയത്. എന്നാൽ പിന്നീട് റിൻസനെ കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ല. ഈ വിവരം നോർവേയിൽ അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനം നോർവേ പൊലീസിനെ അറിയിച്ചു. തുടർന്നാണ് സേർച്ച് വാറണ്ട് പുറപ്പെടുവിച്ചത്.
സ്ഫോടകവസ്തുക്കളുള്ള പേജറുകൾ ഹിസ്ബുള്ളയ്ക്ക് കൈമാറിയത് റിൻസണിന്റെ ഉടമസ്ഥതയിലുള്ള ബൾഗേറിയൻ കമ്പനിയായ ‘നോർട്ട ഗ്ലോബലാ’ണെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ കമ്പനി നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ദേശീയ സുരക്ഷയ്ക്കുള്ള ബൾഗേറിയൻ സ്റ്റേറ്റ് ഏജൻസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ നോർവേ വിഷയം ഗൗരവകരമായി കണ്ട് നടപടികളുമായി മുന്നോട്ടുപോകുകയാണ്.
Norway Police produced Search Warrant Against Rinson Jose related with Pager Explosion in Lebanon