
ലെബനനിലെ പേജർ സ്‌ഫോടനത്തിനു പിന്നിൽ ‘മലയാളി’ കണക്ഷനുണ്ടെന്നും സംശയം.സ്‌ഫോടനത്തെ കുറിച്ചുള്ള അന്വേഷണം നോർവീജിയൻ പൗരത്വമുള്ള മലയാളി റിൻസൺ ജോസിന്റെ കമ്പനിയിലേക്കും നീണ്ടിരിക്കുകയാണ്. സ്‌ഫോടനത്തിന് ഉപയോഗിച്ച പേജറുകൾ വാങ്ങാൻ ഇസ്രയേലിനെ സഹായിച്ചവരുടെ കൂട്ടത്തിൽ റിൻസൻ ജോസ് എന്ന മുപ്പത്തിയൊയൊൻപതുകാരനും ഉണ്ടെന്നാണ് സംശയിക്കുന്നത്. ഒരു ബൾഗേറിയൻ ഷെൽ കമ്പനിയുടെ ഉടമയാണ് റിൻസൺ. ഇദ്ദേഹമാണ് ഇസ്രയേലിന്റെ ഷെൽ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസി കൺസൾട്ടിങ്ങിൽ നിർമിച്ചുവെന്ന് കരുതപ്പെടുന്ന പേജറുകൾ ഹിസ്‌ബുള്ളയ്ക്ക് കൈമാറാൻ ഇടനില നിന്നതെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അന്വേഷണം.
പേജർ സ്ഫോടനമുണ്ടായ ദിവസം മുതൽ റിൻസനെ കാണാനില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇത് സംശയം ബലപ്പെടുത്തിയിട്ടുണ്ട്. പേജറുകൾ വാങ്ങി നൽകുന്നതിനപ്പുറം പേജറുകൾ ഉപയോഗിച്ച് സ്ഫോടനം നടത്താനുള്ള ഇസ്രയേലിന്റെ ഗൂഢാലോചനയെ കുറിച്ച് റിൻസണ് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. കേരളത്തിൽ ജനിച്ച റിൻസൺ ജോസ് നോർവേ പൗരനാണ്. നോർവേ പോലീസാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി അറിയിച്ചത്
റിൻസൺ ജോസിൻ്റെ ഉടമസ്ഥതയിലുള്ള നോർട്ട ഗ്ലോബൽ 2022 ഏപ്രിലിലാണ് സ്ഥാപിതമായത്. ബൾഗേറിയൻ തലസ്ഥാനമായാ സോഫിയയിലെ ഒരു റെസിഡൻഷ്യൽ വിലാസത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവർ മുഖേനയാണ് ഇസ്രയേലിന്റെ ഷെൽ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസി കൺസൾട്ടിങ്ങിൽനിന്ന് ഹിസ്‌ബുള്ളയ്ക്ക് പേജറുകൾ കൈമാറിയത്. ഒപ്പം പേജറുകളുടെ പണമിടപാടും റിൻസന്റെ നോർട്ട ഗ്ലോബൽ വഴിയാണ് നടന്നിട്ടുള്ളതെന്നും ബൾഗേറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടുകൾ പുറത്തുവന്ന ശേഷം നോർട്ട ഗ്ലോബൽ വെബ്സൈറ്റും അപ്രത്യക്ഷമായിട്ടുണ്ട്.