ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ആറ് മാസത്തെ ജയിൽ വാസത്തിനു ശേഷം മുതിർന്ന എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് തിഹാർ ജയിലിൽ നിന്ന് മോചിതനായി. ചൊവ്വാഴ്ച സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് ശേഷം ബുധനാഴ്ച വൈകുന്നേരം അദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങി.
പുറത്തിറങ്ങിയ സഞ്ജയ് സിങ്ങിനെ കാത്ത് നൂറുകണക്കിന് ആം ആദ്മി പ്രവര്‍ത്തകരാണ് തിഹാര്‍ ജയില്‍ പരിസത്ത് തടിച്ചുകൂടിയിരുന്നത്. എന്നാൽ ആഘോഷിക്കാനുള്ള സമയം ആയിട്ടില്ലെന്നും പോരാടാനുള്ള സമയമാണിതെന്നും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും ഇതേ കേസില്‍ ഇപ്പോഴും അഴിക്കുള്ളിലാണ്. ജയിലിന്റെ താഴുകള്‍ പൊട്ടിച്ചെറിഞ്ഞ് അവര്‍ പുറത്തെത്തുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും സഞ്ജയ് സിങ് പറഞ്ഞു.
പുറത്തിറങ്ങിയ സഞ്ജയ് സിങ് മാർച്ച് 21 ന് അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിൻ്റെ വീട്ടിലേക്കാണ് ആദ്യം പോയത്. കെജ്രിവാളിന്റെ ഭാര്യ സുനിതയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
സുപ്രീംകോടതിക്കുമുന്നിൽ വന്ന സഞ്ജയ് സിങ്ങിന്റെ ജാമ്യാപേക്ഷയെ ഇഡി എതിര്‍ത്തിരുന്നില്ല. തുടർന്നായിരുന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, പി.ബി. വരലെ എന്നിവരുടെ ബെഞ്ചിന്റെ നടപടി. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അറസ്റ്റിലായ സഞ്ജയ് സിങ്ങിൽനിന്ന് ഇഡി പണമൊന്നും കണ്ടെടുത്തിട്ടില്ലെന്ന് ജസ്റ്റിസുമാർ ചൂണ്ടിക്കാട്ടി.