വാഷിംഗ്ടണ്‍: കഴിഞ്ഞ വാരാന്ത്യത്തില്‍ ഇറാന്റെ പിന്തുണയുള്ള മിലിഷ്യകള്‍ മൂന്ന് യുഎസ് സൈനികരെ കൊലപ്പെടുത്തിയതിന് ശേഷം കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ അമേരിക്ക പദ്ധതിയിടുന്നതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ ഞായറാഴ്ച പറഞ്ഞു.
‘നമ്മുടെ സൈന്യം ആക്രമിക്കപ്പെടുമ്പോള്‍, നമ്മുടെ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍, അമേരിക്ക പ്രതികരിക്കുമെന്ന വ്യക്തമായ സന്ദേശം നല്‍കുന്നതിന് കൂടുതല്‍ സ്ട്രൈക്കുകളും അധിക നടപടികളും സ്വീകരിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നുവെന്ന് അദ്ദേഹം എന്‍ബിസിയുടെ ‘മീറ്റ് ദ പ്രസ്’ പ്രോഗ്രാമിനോട് പ്രതികരിച്ചു.
കഴിഞ്ഞ വാരാന്ത്യത്തില്‍ ജോര്‍ദാനില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ട മാരകമായ ആക്രമണത്തെത്തുടര്‍ന്ന് ഇറാനുമായി ബന്ധമുള്ള ഗ്രൂപ്പുകള്‍ക്കെതിരായ പ്രധാന യുഎസ് ഓപ്പറേഷനുകളുടെ രണ്ടാം ദിവസത്തില്‍ ശനിയാഴ്ച യെമനിലെ 36 ഹൂതി ലക്ഷ്യങ്ങള്‍ക്കെതിരെ യുഎസും ബ്രിട്ടനും ആക്രമണം നടത്തി.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി ബന്ധപ്പെട്ട ഇറാഖിലെയും സിറിയയിലെയും 85 ലധികം ഇടങ്ങളില്‍ യുഎസ് പ്രതികാര ആക്രമണം നടത്തിയതിന് ഒരു ദിവസത്തിന് ശേഷം ഹൂത്തികള്‍ ചെങ്കടല്‍ ഷിപ്പിംഗിനെ ആക്രമിക്കാന്‍ ഉപയോഗിച്ച യെമനിലെ 13 സൈറ്റുകളെ ലക്ഷ്യമിട്ടാണ് ശനിയാഴ്ച ആക്രമണം നടത്തിയത്.