
ഗോവ: മകനെ കൊന്ന് കുത്തിനിറച്ച ബാഗിൽ നിന്നും പ്രതി സൂചന സേത്തിന്റെ കൈപ്പടയിൽ എഴുതിയതെന്ന് സംശയിക്കുന്ന കടലാസ് തുണ്ടുകള്‍ കണ്ടെത്തി. പ്രതിയുടെ മാനസിക നിലയെയും കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെയും സൂചിപ്പിക്കുന്നതാണ് ഈ തെളിവെന്ന് ഗോവ പോലീസ്.
തന്റെ ഭർത്താവ് ഒരു ക്രൂരനാണെന്നും മകനെ ചീത്ത ശീലങ്ങൾ പഠിപ്പിച്ചിരുന്നെന്നും അതിനാൽ ഒരു ദിവസം പോലും മകനെ അയാളുടെ കൂടെ വിടാൻ കഴിയില്ലെന്നും കുറിപ്പിൽ പറയുന്നു. കൈയ്യക്ഷരം തിരിച്ചറിയുന്നതിനായി ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.
പ്രതിയുടെ മാനസികാവസ്ഥയെ തുറന്നുകാട്ടുന്ന സുപ്രധാന തെളിവാണ് ഈ കുറിപ്പ്. കുട്ടിയെ എല്ലാ ആഴ്ചകളിലും ഒരു ദിവസം അച്ഛന്റെ കൂടെ വിടണമെന്ന് കോടതി ഉത്തരവ് പ്രതിയെ വല്ലാതെ അലട്ടിയിരിക്കാം, ഇത് കൊലപാതകത്തിലേക്ക് നയിച്ചതാകാമെന്ന് പോലീസ് കരുതുന്നു. അതേസമയം, കുട്ടിക്ക് ഭർത്താവിന്റെ ഛായയാണെന്നും, മകന്റെ മുഖം തന്റെ നശിച്ചുപോയ ബന്ധത്തെ ഇടയ്ക്കിടെ ഓർമപ്പെടുത്തുന്നു എന്നും സൂചന പറഞ്ഞതായി ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.
തെറാപ്പിസ്റ്റിനെ സ്ഥിരമായി ആശ്രയിച്ചിരുന്ന സൂചന, കുറ്റകൃത്യം ചെയ്യുന്നതിന് തൊട്ടുമുന്‍പ് വരെ ഡോക്ടറുമായി ബന്ധപ്പെട്ടതായും കണ്ടെത്തി. കൃത്യം ചെയ്തശേഷം പ്രതി ഫോണില്‍ ആരെയൊക്കെ ബന്ധപ്പെട്ടന്ന് പരിശോധിച്ചുവരികയാണ്.