പാരീസിലെ ലോകപ്രശസ്തമായ നോത്രെ ദാം കത്തീഡ്രൽ നവീകരണത്തിനുശേഷം ഇന്ന് തുറക്കും. 2019-ലെ തീപ്പിടിത്തത്തിൽ തകർന്ന മേൽക്കൂരയുടെ ഭാഗംകൊണ്ടുണ്ടാക്കിയ ദണ്ഡുകൊണ്ട് ആർച്ച് ബിഷപ്പ് ലോറന്റ് ഉൾറിച്ച് പള്ളിയുടെ ആനവാതിലിൽ മുട്ടുന്നതോടെ അഞ്ചുവർഷത്തിനുശേഷം നോത്രെ ദാമിനുള്ളിൽ ഗായകസംഘത്തിന്റെ പാട്ടുയരും. ക്ഷണിക്കപ്പെട്ട 1500 അതിഥികളുമായി ആർച്ച് ബിഷപ്പ് പള്ളിക്കുള്ളിൽ പ്രവേശിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.
തീപ്പിടിത്തത്തിലുണ്ടായ വിഷപ്പൊടി നിറഞ്ഞ് ഉപയോഗശൂന്യമായ ഭീമൻ ഓർഗനെ ആർച്ച് ബിഷപ്പ് വർഷങ്ങളുടെ മയക്കത്തിൽനിന്ന് തൊട്ടുണർത്തും. ഞായറാഴ്ച ഉദ്ഘാടന ദിവ്യബലിക്കും പ്രധാന ബലിപീഠം പ്രതിഷ്ഠിക്കുന്ന ചടങ്ങിനുംശേഷം 860-ലേറെ വർഷത്തോളം പഴക്കമുള്ള നോത്രെ ദാം കത്തീഡ്രലിൽ വീണ്ടും പൊതുജനങ്ങളെ കയറ്റും.
ശനിയാഴ്ച നടക്കുന്ന ചടങ്ങുകളിൽ നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി തുടങ്ങിയവർ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ക്ഷണംസ്വീകരിച്ച് എത്തുന്നുണ്ട്. 150 രാജ്യങ്ങളിൽനിന്നുള്ള 3.4 ലക്ഷംപേർ ചേർന്ന് 84.6 കോടി യൂറോയാണ് (ഏകദേശം 7577 കോടിരൂപ) പള്ളിയുടെ നവീകരണത്തിനായി നൽകിയത്. ഗോഥിക് വാസ്തുവിദ്യയുടെ സൗന്ദര്യം ഒട്ടും ചോർന്നുപോകാതെയാണ് അഞ്ഞൂറോളംപേർ ചേർന്ന് നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. പ്രൌഡ ഗംഭീരമായ ചടങ്ങുകൾ ഫ്രാൻസിനും കത്തോലിക്കാ സഭയ്ക്കും, തങ്ങളുടെ പ്രശസ്തിയും ആഗോള സ്വാധീനവും പ്രകടിപ്പിക്കാനുള്ള അവസരമായിരിക്കും.
Notre Dame Cathedral reopening ceremony