അഞ്ചര വര്‍ഷത്തിനു ശേഷം നോത്രദാം കത്തീഡ്രല്‍ വീണ്ടും തുറന്നു, ‘തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം ട്രംപ് പങ്കെടുക്കുന്ന ആദ്യ പൊതുചടങ്ങ്’

പാരിസ് : 2019 ഏപ്രില്‍ 15ന് ഉണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ച 860 വര്‍ഷം പഴക്കമുള്ള നോത്രദാം കത്തീഡ്രലിന്റെ പണി പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ക്കായി തുറന്നുനല്‍കി. മേല്‍ക്കൂര കത്തി അത് ഉള്ളിലേക്കു വീണ് കത്തീഡ്രലിന്റെ നല്ലൊരു ഭാഗവും തകര്‍ന്നിരുന്നു. പുതുക്കിപ്പണിത നോത്രദാം കത്തീഡ്രല്‍ അഞ്ചര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വിശ്വാസികള്‍ക്കായി തുറന്നു നല്‍കിയത്. ദിവസവും ആയിരത്തിലേറെ തൊഴിലാളികള്‍ ജോലി ചെയ്താണു ഗോഥിക് വാസ്തുശില്‍പത്തനിമ നിലനിര്‍ത്തി കത്തീഡ്രലിനെ പഴയ പ്രതാപത്തിലേക്കു മടക്കിക്കൊണ്ടുവന്നത്. നവീകരണത്തിനും പുനര്‍നിര്‍മാണത്തിനുമായി 7468 കോടി രൂപ സംഭാവനയായി ലഭിച്ചിരുന്നു.

ചടങ്ങില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം ട്രംപ് പങ്കെടുക്കുന്ന ആദ്യ പൊതുചടങ്ങാണിത്. ബ്രിട്ടനിലെ വില്യം രാജകുമാരന്‍, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയ പ്രധാന നേതാക്കളും ചടങ്ങിന്റെ ഭാഗമായി.

കത്തീഡ്രല്‍ പുതുക്കിപ്പണിയല്‍ മാക്രോണിനു ഭരണം നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗ്ഗമായും കണക്കാക്കുന്നുണ്ട്. മാത്രമല്ല, യൂറോപ്പിലെ സമാധാന പ്രശ്‌നങ്ങള്‍ ട്രംപുമായി ചര്‍ച്ച ചെയ്യാനും നോത്രദാം അവസരമൊരുക്കും.