മമ്മൂട്ടിയെ വെറുതെ വിടുക, ഹൃദയം കൂടുതല്‍ വിശാലമാക്കുക…!

മതം മനുഷ്യന്റെ സകല ചാരുതകളെയും തകർത്തു കളയുന്ന ഒരു വർത്തമാന കാലത്താണ് നാം ജീവിക്കുന്നത്.
‘നാം’എന്നത് ഭാരതീയർ എന്ന് കൃത്യമായി വ്യവഹരിക്കപ്പെടുന്ന അതിർത്തി വരകൾക്കകത്ത് നിൽക്കുന്ന നമ്മെക്കുറിച്ച് തന്നെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ… ഒരോ വ്യക്തിയും അവന് സമൂഹം തുന്നി നൽകപ്പെട്ടിരിക്കുന്ന മതപരമായ കുപ്പായത്തിന്റെ ആകൃതിക്കനുസരിച്ച് മാത്രം ജീവിക്കുകയും മരിക്കുകയും ചെയ്യണമെന്ന അദൃശ്യ തീട്ടൂരം ഈ രാജ്യത്ത് നിലവിൽ വന്നിരിക്കുന്നു.
അവന്റെ കലയും കലാപവും ചിന്തയും കാരുണ്യവുമൊക്കെ  അതാത് മതങ്ങൾക്കുള്ളിലായി മാത്രം കെട്ടിയിടപ്പെടണമെന്ന് ആ തീട്ടൂരം കല്പിക്കുന്നുണ്ട്. ക്രിസ്ത്യാനി ക്രിസ്ത്യാനിയേയും മുസ്ലീം മുസ്ലീമിനേയും ഹിന്ദു ഹിന്ദുവിനേയും മാത്രം പ്രണയിക്കണമെന്നതും ഇത്തരം അദൃശ്യ തീട്ടൂരങ്ങളുടെ ഉപോൽപ്പന്നങ്ങളാണ്.

ഇപ്പോഴിതാ ആ തീട്ടൂരം കലാലോകത്തേക്കും പെരുമ്പറ കൊട്ടിയെത്തുന്നു. അതിന് ഉദാഹരണമാണ് മമ്മൂട്ടി എന്ന നടനെ അയാൾ എടുത്തണിയുന്ന കഥാപാത്രങ്ങളുടെ പേരിൽ വിമർശന വിധേയനാക്കുന്നത്. മമ്മൂട്ടി എന്ത് തെറ്റാണ് ചെയ്തത്?
തന്നെ തേടിയെത്തിയ കഥാപാത്ര രൂപങ്ങളെ അതീവ സത്യസന്ധതയോടെയും സൂക്ഷ്മ സൗന്ദര്യത്തോടെയും തിരശ്ശീലയിലേക്ക് പകർന്നാടി എന്നതോ…

 ” സാങ്കൽപിക സാഹചര്യങ്ങളിൽ സത്യസന്ധമായി പെരുമാറുന്നതാണ് അഭിനയം “
അമേരിക്കൻ ചലച്ചിത്ര താരവും അഭിനയ സൈദ്ധാന്തികനുമായ Sanford Meisner അഭിനയമെന്ന കലയെക്കുറിച്ച് പറഞ്ഞതാണിത്. മമ്മൂട്ടി എന്ന നടൻ ചെയ്യുന്നതും മറ്റൊന്നുമല്ല.
തൻ്റെ സംവിധായകരും രചയിതാക്കളും സൃഷ്ടിച്ചു നൽകുന്ന സാങ്കൽപിക സാഹചര്യങ്ങളിലെ അമൂർത്തമായ കഥാപാത്ര രൂപങ്ങളെ തിരശീലയിലേക്ക് സത്യസന്ധമായി മൂർത്തവൽക്കരിക്കുക…
അതിനാലാണ് അയാൾക്ക് ബാബാ സാഹേബ് അംബേദ്ക്കറേയും, ചന്തുവിനേയും ബഷീറിനെയും മുരിക്കിൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും ഭാസ്ക്കര പട്ടേലരേയും പ്രാഞ്ചിയേട്ടനേയും  പൊന്തൻമാടയേയും മന്നാടിയാരേയും വാറുണ്ണിയേയും  കൊടുമൺ പോറ്റിയേയും  ചലച്ചിത്ര ഭാവുകത്വത്തിൻ്റെ നടുനായകത്വം വഹിക്കുന്ന നടന രൂപങ്ങളാക്കി മാറ്റാൻ സാധിച്ചത്.

ജീവിത സുഖഭോഗങ്ങളുടെ എത്ര ആഡംബര സൗധങ്ങൾ കയറിയിറങ്ങാനുള്ള കെൽപ്പുണ്ടായിട്ടും തൻ്റെ നടന ശരീരത്തെ ഏത് കഥാപാത്ര സ്വീകരണത്തിനുമായ് സജ്ജമാക്കി നിർത്താൻ നാല് പതിറ്റാണ്ടിലേറെയായി  ആ മനുഷ്യൻ കൈയ്യാളുന്ന ജീവിത നിഷ്ഠകളും കഠിന പ്രയത്നങ്ങളുമുണ്ട്. അതിനെ നാം അംഗീകരിക്കുക തന്നെ വേണം.

 ഈ കെട്ട കാലത്തിന്റെ നടുവിൽ നിൽക്കുന്ന മനുഷ്യത്വമുള്ള സകല മനുഷ്യരേയും താന്താങ്ങൾക്കിഷ്ടമുള്ള നിറങ്ങൾ
കലക്കിയൊഴിച്ച് മലിനപ്പെടുത്താനുള്ള നീക്കം ഇനിയെങ്കിലും നാം തടഞ്ഞേ പറ്റൂ.
അക്ഷരം കൂട്ടി വായിക്കാൻ കഴിയുമെന്ന പ്രബുദ്ധത മാത്രമാണ് മലയാളിക്കുള്ളതെന്ന് ആരെങ്കിലും  പറഞ്ഞാൽ നാമത് നിഷേധിക്കുന്നതെങ്ങനെ?
കലാകാരനെ കലയുടെ ആകാരത്തിൽ മാത്രമായിരിക്കണം നാം കാണേണ്ടത് –
 കലയെന്നത് മനുഷ്യ മനസ്സിനെ വിമലീകരിക്കുന്ന ഉദാത്തമായ മഷിക്കൂട്ട് തന്നെയാണ്… ആ മഷിക്കൂട്ട് നമ്മുടെ മനസ്സിൽ നിറഞ്ഞുതന്നെയിരിക്കണം!

കാരണം ആ മഷിക്കൂട്ടു കൊണ്ട് വരച്ചെടുക്കാനുള്ള മഹാരൂപങ്ങൾ ഇനിയുമെത്രയോ ബാക്കി…
അതിനാൽ മമ്മൂട്ടി എന്ന  ഈ കലാകാരനെ വെറുതെ വിടുക …

ബിജു കിഴക്കേക്കൂറ്റ്

ചീഫ് എഡിറ്റര്‍


NRI reporter Editorial on hate against mammootty