ലഖ്നൗ: ഉത്തരാഖണ്ഡിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് ഉത്തർപ്രദേശ് അതിർത്തിക്കടുത്തുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്‌സ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ജൂലൈ 30 ന് വൈകുന്നേരം ആശുപത്രി വിട്ട നഴ്സ് രുദ്രാപൂരിലെ ഇന്ദ്ര ചൗക്കിൽ നിന്ന് ഇ-റിക്ഷ എടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെങ്കിലും ഉത്തർപ്രദേശിലെ ബിലാസ്പൂരിലെ കാശിപൂർ റോഡിലെ വാടക താമസസ്ഥലത്ത് എത്തിയില്ല. ബീലാസ്പൂരിൽ 11 വയസ്സുകാരിയായ മകൾക്കൊപ്പമായിരുന്നു താമസം.
അടുത്ത ദിവസം തന്നെ യുവതിയെ കാണാനില്ലെന്ന് സഹോദരി പരാതി നൽകി. എട്ട് ദിവസത്തിന് ശേഷം ഓഗസ്റ്റ് 8 ന് ഉത്തർപ്രദേശ് പൊലീസ് ദിബ്ദിബ ഗ്രാമത്തിലെ യുവതിയുടെ വീട്ടിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്ത് അവരുടെ മൃതദേഹം കണ്ടെത്തി. കൊൽക്കത്തയിൽ ആർ.ജി.കാർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ സംഭവവും.
സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ ധർമേന്ദ്രയെ രാജസ്ഥാനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.
യുവതി ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പുറപ്പെട്ടതു മുതൽ ധർമേന്ദ്ര പിന്തുടർന്നിരുന്നെന്നും ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കുകയും ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന ഇയാൾ യുവതിയുടെ മൊബൈൽ ഫോണും പഴ്‌സിൽനിന്ന് 3,000 രൂപയും മോഷ്ടിച്ചതായും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.