ഫിലഡൽഫിയ: ‘പെൻസിൽവേനിയ ഇന്ത്യൻ അമേരിക്കൻ നഴ്സസ് ഓർഗനൈസേഷൻ’ (പിയാനോ) നടത്തിയ ‘നഴ്സസ് ഡേ സെലിബ്രേഷൻ 2024’ ആതുര ശുശ്രൂഷയുടെ സമ്പന്നതയെ ഓർമിപ്പിക്കുന്നതായിരുന്നു. ഈ വർഷത്തെ ആഘോഷം ‘പിയാനോ’ നേതൃത്വത്തിൽ നടന്ന പതിനെട്ടാമത് നഴ്സസ് ഡേ ആഘോഷമായിരുന്നു.
എയ്ഞ്ചൽ സ്റ്റാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, പെൻസിൽവേനിയ സംസ്ഥാന പ്രതിനിധിയും നേഴ്സ് പ്രാക്ടീഷനറുമായ ഡോ. താരിഖ് ഖാൻ ഭദ്രദീപം തെളിച്ചു. ഡോ. മിഷേല സിമിനോ, പിയാനോ പ്രസിഡന്‍റ് സാറ ഐപ്, ഫൗണ്ടിങ് പ്രസിഡന്‍റ് ബ്രിജിറ്റ് വിൻസെന്‍റ്, എപിആർഎൻ ചെയർ ഡോ. ബിനു ഷാജിമോൻ, സെക്രട്ടറി ബിന്ദു എബ്രഹാം, ട്രഷറർ മേരി ഇമ്മാനുവൽ എന്നിവർ തുടർനാളങ്ങൾ കൊളുത്തി.
പിയാനോ പ്രസിഡന്‍റ് സാറ ഐപ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കെറ്റ്ലിൻ ദാസ് അമേരിക്കയുടെ ദേശീയ ഗാനവും അനഖ റോയി, സിമി തോമസ് എന്നിവർ ഇന്ത്യയുടെ ദേശീയ ഗാനവും ആലപിച്ച് ദേശീയാ ഗാനാലാപനത്തിന് നേതൃത്വം നൽകി. ‘പിയാനോ’ കുടുംബത്തിൽ നിന്ന് വേർപെട്ടുപോയവരെ അനുസ്മരിച്ച് മൗനപ്രാർത്ഥന നടത്തി. മെഴുകു തിരിനാളങ്ങൾ തെളിച്ച്, പിയാനോ അംഗങ്ങൾ നൈറ്റിംഗേൽ പ്ലഡ്ജ് ഏറ്റുചൊല്ലി. എജ്യുക്കേഷണൽ ചെയർ മേരി എബ്രഹാം പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
പിയാനോ സെക്രട്ടറി ബിന്ദു എബ്രഹാം അതിഥികളെ സ്വാഗതം ചെയ്തു. തുടർന്ന്, പിയാനോ പ്രസിഡന്‍റ് സാറ ഐപ് അധ്യക്ഷപ്രസംഗം നടത്തി. സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും, അംഗങ്ങൾക്കും സമൂഹത്തിനും വേണ്ടി നടത്തുന്ന പദ്ധതികളും അവർ വിശദീകരിച്ചു. ട്രഷറർ മേരി ഇമ്മാനുവൽ നന്ദി പ്രകാശനം നടത്തി.
ഡോ. ബിനു ഷാജിമോൻ യോഗ നടപടികൾ ഏകോപിപ്പിച്ചു. അനഖ റോയി, സിമി തോമസ് എന്നിവർ എംസിമാരായി. പെൻസിൽവേനിയ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യൻ-അമേരിക്കൻ ജനപ്രതിനിധിയും അഡ്വാൻസ്ഡ് പ്രാക്ടീസ് നഴ്‌സുമായ ഡോ. താരിഖ് ഖാൻ മുഖ്യാതിഥിയായി. ഡോ. താരിഖ് ഖാൻ, നഴ്സസ് ഡേയുടെ പ്രാധാന്യത്തെക്കുറിച്ചും നഴ്സുമാർ സമൂഹത്തിന് നൽകുന്ന സേവനത്തെക്കുറിച്ചും പ്രസംഗിച്ചു.
“നഴ്സുമാർ – നമ്മുടെ ഭാവി, പരിചരണത്തിന്‍റെ സാമ്പത്തിക ശക്തി” എന്ന വിഷയം കേന്ദ്രീകരിച്ച് നടന്ന ചടങ്ങിൽ സെന്‍റ് മേരീസ് റീഹാബിലിറ്റേഷൻ ചീഫ് നഴ്സിങ് ഓഫിസർ ഡോ. മിഷേൽ സിമിനോ പ്രഭാഷണം നടത്തി. ചടങ്ങിൽ, നഴ്സിങ് മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിച്ചു. 53 വർഷത്തെ സേവനങ്ങളെ മുൻനിർത്തി പട്രീഷ ഖാൻ, പ്രഫഷനൽ നേട്ടത്തിന് ഡോ. ബിനു ഷാജിമോൻ, പിയാനോയുടെ ആദ്യ പ്രസിഡന്‍റ് ബ്രിജിറ്റ് വിൻസെന്‍റ്, 30 വർഷം പൂർത്തിയാക്കിയ നഴ്സുമാർ എന്നിവരെ ആദരിച്ചു. നേഴ്‌സസ് ഡേ ആഘോഷങ്ങളുടെ ഗ്രാന്‍ഡ് സ്‌പോൺസറായ മണി ലാലിനു വേണ്ടി ഭാര്യ ഡെയ്സി മണിലാല്‍, പിയാനോ ആദരം എറ്റുവാങ്ങി. മദേഴ്‌സ് ഡേ സെലിബ്രേഷനിൽ, അമ്മമാരേയും, സ്‌നേഹപൂർവ്വം, പിയാനോ ആദരിച്ചു.
പ്രശസ്ത നർത്തകി നിമ്മി ദാസിന്റെ നൃത്തവിദ്യാലയം, സാറ ജോഷ്വ, കെറ്റ്ലിൻ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള നൃത്താവിഷ്കാരങ്ങളും, സാബു പാമ്പാടി, ജെസ്ലിൻ മാത്യു എന്നിവരുടെ ഗാനമേളയും പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു അബീനയുടെ നേതൃത്വത്തിൽ നടന്ന ഫാഷൻ ഷോയും ഏറെ ശ്രദ്ധേയമായി. എപിആർഎന്‍ അംഗങ്ങളായ ടിസ പോത്തനും സംഘവും, പിയാനോ അംഗങ്ങളായ സൗമ്യ അരുണ്‍, ആഷ തോമസ്, ലിസ തോമസ്, ഷൈവി, ബിന്ദു ജോഷ്വ, ബിന്ദു എബ്രഹാം, സിമി തോമസ്, സ്വീറ്റി സൈമണ്‍, ലിസ തോമസ് എന്നിവരും അവതരിപ്പിച്ച നൃത്തങ്ങൾ ശ്രദ്ധ നേടി.
സ്വാദിഷ്ടമായ ഡിന്നര്‍ ഒരുക്കിയത് അലന്‍ മാത്യുവിന്‍റെ നേതൃത്വത്തിലായിരുന്നു. മറിയാമ്മ തോമസും മേരി ഇമ്മാനുവലും; പ്രോഗ്രാം റജിസ്റ്റട്രേഷനും അതിഥി സ്വീകരണവും ക്രമീകരിച്ചു. സ്വീറ്റി സൈമണ്‍, ജ്യോതി സിജു, സോണിയ, ഷൈവി, ആഷ എന്നിവര്‍ ആഘോഷാലങ്കാരങ്ങൾ നിർവഹിച്ചു. നെഡ് ദാസ് (ഫോടോഗ്രഫി), ആലീസ് സക്കറിയ ആന്‍ഡ് ഫാമിലി, സാറാമ്മ എബ്രഹാം ആന്‍ഡ് ഫാമിലി എന്നിവരും ആഘോഷപരിപാടിയുടെ സഹകാരികളായി.നഴ്‌സുമാർക്കുള്ള പുരസ്കാരദാന ചടങ്ങും നടന്നു. മുതിർന്ന മാധ്യമപ്രവർത്തകനും ബിസിനസുകാരനുമായ വിൻസെന്‍റ് ഇമ്മാനുവലിന്റെ പിന്തുണയെയും പിയാനോ പ്രസിഡന്‍റ് സാറാ ഐപ് നന്ദി അറിയിച്ചു.
പി.ഡി ജോർജ് നടവയൽ