
ജയ്പൂർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച 24 കാരിയെ നഴ്‌സിംഗ് അസിസ്റ്റൻ്റ് ബലാത്സംഗം ചെയ്തതായി പോലീസ്.
ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഐസിയുവിൽ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. പുലർച്ചെ നാല് മണിയോടെ പ്രതിയായ ചിരാഗ് യാദവ് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
എതിർക്കാതിരിക്കാൻ കുത്തിവയ്പ് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് പീഡിപ്പിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നതായി പൊലീസ് വ്യക്തമാക്കി. പിന്നീട് ഭർത്താവ് മൊബൈലിൽ വിളിച്ചതിന് ശേഷമാണ് യുവതിക്ക് ബോധം വന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് ഭര്‍ത്താവിനോടും മറ്റു കുടുംബാംഗങ്ങളോടും യുവതി സംഭവത്തെക്കുറിച്ച് അറിയിക്കുകയായിരുന്നു.
യുവതിയുടെ പരാതിയെത്തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. നഴ്സിങ് അസിസ്റ്റന്റ് ബെഡിനു സമീപത്തേക്ക് പോയി കർട്ടനിട്ടു മറയ്ക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.