നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണം : ആരോപണ വിധേയരായ 3 വിദ്യാര്‍ഥിനികള്‍ അറസ്റ്റില്‍, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി

പത്തനംതിട്ട: നാലാം വര്‍ഷ വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ ആരോപണ വിധേയരായ ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജിലെ 3 വിദ്യാര്‍ഥിനികളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. അമ്മുവിന്റെ സഹപാഠികളായ അലീന ദിലീപ്, എ.ടി.അക്ഷിത, അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇന്നലെ വീടുകളില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ പത്തനംതിട്ട സ്റ്റേഷനില്‍ ചോദ്യം ചെയ്ത് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ഇവര്‍ ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ കസ്റ്റഡിലെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാര്‍ പറഞ്ഞു. ഇവര്‍ക്കെതിരെ അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിക്കുകയും പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും ചെയ്തിരുന്നു.