ന്യൂയോർക്ക്: അമേരിക്കയിൽ ന്യൂയോർക്കിലെ ഹിന്ദുക്ഷേത്രത്തിന് സമീപം മഹാത്മാഗാന്ധിയുടെ പുതിയ പ്രതിമ അനാച്ഛാദനം ചെയ്തു. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസും ഇന്തോ-അമേരിക്കൻ സ്റ്റേറ്റ് അസംബ്ലി അംഗം ജെന്നിഫർ രാജ്കുമാറും ചേർന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.
നമ്മുടെ നഗരത്തിൽ വിദ്വേഷത്തിന് സ്ഥാനമില്ലെന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് മേയർ ആഡംസ് പറഞ്ഞത്. ഗാന്ധിജിക്ക് ജീവൻ നൽകിയ നീതിയുടെ മൂല്യങ്ങൾ ഞങ്ങൾ ഉൾക്കൊള്ളുന്നുവെന്നും ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
റിച്ച്മണ്ഡ് ഹില്ലിലെ 111ാം സ്ട്രീറ്റിൽ തുളസി മന്ദിറിന് മുന്നിലെ ഗാന്ധിപ്രതിമ രണ്ടുതവണ നശിപ്പിക്കാൻ ശ്രമം നടന്നിരുന്നു. 2022 ആഗസ്റ്റ് മൂന്ന്, 16 തീയതികളിലാണ് പ്രതിമ നശിപ്പിക്കാൻ ശ്രമമുണ്ടായത്.
പ്രതിമ നശിപ്പിച്ച സംഭവം വിദ്വേഷ കുറ്റമായി കണക്കാക്കി അന്വേഷണം നടത്തണമെന്ന് രാജ്കുമാർ ആവശ്യപ്പെട്ടു. 25നും 30നുമിടയിൽ പ്രായമുള്ളവരാണ് പ്രതിമ നശിപ്പിക്കാൻ ശ്രമിച്ചതെന്ന് തെളിയിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. അക്രമത്തിനു ശേഷം വെളുത്ത നിറത്തിലുള്ള മെഴ്സിഡസ് ബെൻസിലും ഇരുണ്ട നിറത്തിലുള്ള ടൊയോട്ട കാമ്റിയിലുമാണ് അക്രമികൾ രക്ഷപ്പെട്ടത്. അക്രമം നടന്ന് ഒരുമാസത്തിനു ശേഷം 27വയസുള്ള സുഖ്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വിദ്വേഷക്കുറ്റം ചുമത്തി.