തിരുവനന്തപുരം: കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎൽഎ ഒ.ആർ. കേളു മന്ത്രിയാകാൻ സാധ്യതയെന്ന് മാധ്യമങ്ങളുടെ റിപ്പോർട്ട്. ആലത്തൂരിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സംസ്ഥാന മന്ത്രിസഭയിൽ ഒഴിവ് വരുന്നത്. സച്ചിൻ ദേവ് അടക്കമുള്ളവരുടെ പേരുകൾ പരിഗണനയിലുണ്ടെങ്കിലും സിപിഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് കേളുവിന്റെ അനുകൂല ഘടകങ്ങൾ.
പട്ടിക വർഗ വിഭാഗത്തിൽ നിന്നുളള ആരെയും ഇതുവരെ സിപിഎം മന്ത്രിയാക്കിയിട്ടില്ലെന്ന ദുഷ്പേരും മാറ്റാനാകും. പുറമെ, വയനാടിന് മന്ത്രിസഭയിൽ പ്രാതിനിധ്യവും ലഭിക്കും. ഒന്നാം പിണറായി സർക്കാരിലും വയനാട്ടിൽനിന്നു മന്ത്രി ഉണ്ടായിരുന്നില്ല.
നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലായിരിക്കും മന്ത്രി കെ. രാധാകൃഷ്ണന്റെ രാജിക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. മന്ത്രിസഭാ പുനഃസംഘടന നിയമസഭാ സമ്മേളനത്തിനു മുൻപ് നടക്കാനാണ് സാധ്യത. ഈ മാസം 10നാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്.
പുതിയ മന്ത്രി എത്തുന്നതിനൊപ്പം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വേണമോ എന്നും ആലോചനയുണ്ട്. വയനാട് ജില്ലയിൽനിന്നു സിപിഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവാണ് ഒ.ആർ. കേളു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോല്‍പിച്ച് മാനന്തവാടി നിയോജക മണ്ഡലം എംഎൽഎയായി. 2021ലും വിജയം ആവർത്തിച്ചു.
O R Kelu considered minister post in Kerala