
വാഷിംഗ്ടണ്‍: 1972 ന് ശേഷം ചന്ദ്രനില്‍ ഇറങ്ങുന്ന ആദ്യത്തെ യുഎസ് ബഹിരാകാശ പേടകമായ ഒഡീസിയസ്, ചന്ദ്രോപരിതലത്തില്‍ അതിന്റെ അഞ്ചാം ദിവസത്തിന്റെ അവസാനത്തോട് അടുക്കുന്നു. ബാറ്ററി ചാര്‍ജ് തീരും മുമ്പ് അവസാനവട്ട ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് പേടകം.
ഒഡീസിയസിന്റെ ഹ്യൂസ്റ്റണിലെ നിയന്ത്രണ കേന്ദ്രം ലാന്‍ഡറുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതായി ടെക്‌സാസ് ആസ്ഥാനമായുള്ള ഇന്‍ട്യൂട്ടീവ് മെഷീനുകള്‍ ചൊവ്വാഴ്ച പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പേടകം ചന്ദ്രോപരിതലത്തിലെത്തിയത്. ഒഡീസിയസ് കുത്തനെ ചെരിഞ്ഞ നിലയിലാണ് ലാന്‍ഡിംഗ് പൂര്‍ത്തിയാക്കിയത്. ഇതുവഴി ആശയവിനിമയത്തിനും സൗരോര്‍ജ്ജം വഴി ചാര്‍ജിംഗിനും പേടകത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. ലാന്റിങിന്റെ അവസാന നിമിഷങ്ങളില്‍ പേടകവുമായുള്ള ആശയവിനിമയം നഷ്ടമാവുകയും ബാക്ക് അപ്പ് ഗൈഡന്‍സ് സംവിധാനത്തിലേക്ക് മാറുകയും ചെയ്തു. പിന്നീട് ലാന്റിങിന് ശേഷം നിരവധി മിനിറ്റുകള്‍ കഴിഞ്ഞാണ് പേടകവുമായി ബന്ധം പുനസ്ഥാപിക്കാനായത്.
പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാനാകില്ലെങ്കിലും നാസയുടെ പുതിയ ചാന്ദ്രദൗത്യങ്ങളുടെ ആദ്യ വിജയമായി തന്നെയാണ് ഒഡീസിയസ് ദൗത്യത്തെ കണക്കാക്കുന്നത്. ഫെബ്രുവരി 15 നാണ് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഒഡീസിയസ് വിക്ഷേപിച്ചത്. 14 അടി ഉയരമുള്ള ലാന്റര്‍ ആറ് ദിവസം കൊണ്ട് 997793.28 കിമീ സഞ്ചരിച്ചാണ് ചന്ദ്രനിലെത്തിയത്.