ഒഹായോയില്‍ വെടിവെപ്പ്: മൂന്നുപേര്‍ കൊല്ലപ്പെട്ടു, 2 പേര്‍ ഗുരുതരാവസ്ഥയില്‍

വാഷിംഗ്ടണ്‍: ഒഹായോയുടെ തലസ്ഥാനത്ത് പുലര്‍ച്ചെ നടന്ന വെടിവെപ്പില്‍ മൂന്ന് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

ശനിയാഴ്ച പുലര്‍ച്ചെ 3 മണിക്ക് മുമ്പ് ഡൗണ്ടൗണിന് വടക്ക് ഇറ്റാലിയന്‍ വില്ലേജ് പരിസരത്താണ് വെടിവെപ്പ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കൊളംബസ് പോലീസ് പറഞ്ഞു. സെമി-ഓട്ടോമാറ്റിക് അല്ലെങ്കില്‍ ഓട്ടോമാറ്റിക് തോക്കുകള്‍ ഉപോഗിച്ചാണ് വെടിവയ്പ് നടന്നത്.

സംഭവം അറിഞ്ഞ് പാഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ആറ് പേര്‍ വെടിയേറ്റ് കിടക്കുന്നതാണ് കണ്ടത്. ഇവരില്‍ രണ്ട് പേര്‍ സംഭവസ്ഥലത്തും മൂന്നാമതൊരാള്‍ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. 27 കാരിയായ മലാച്ചി പീ, 26 കാരിയായ ഗാര്‍സിയ ഡിക്സണ്‍ ജൂനിയര്‍, 18 കാരനായ ഡാവോന്‍ഡ്രെ ബുള്ളക്ക് എന്നിവരാണ് മരിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. വെടിവയ്പ്പിനുള്ള കാരണമോ പിന്നില്‍ ആരെന്നോ അറിവായിട്ടില്ല.