ന്യൂയോര്‍ക്ക്: യെമനിലെ ഹൂതി വിമതര്‍ക്കെതിരെയുള്ള സൈനിക നടപടികള്‍ യുഎസ് ശക്തമാക്കിയതോടെ എണ്ണവില ഉയരുന്നു. വെള്ളിയാഴ്ച മാത്രം നാലുശതമാനം വര്‍ധനയാണുണ്ടായത്. ബ്രെന്റ് ക്രൂഡ് വില 72 ഡോളറില്‍ നിന്ന് 80 ഡോളര്‍ കടന്നു. ഹൂതികള്‍ തിരിച്ചടിക്കുമെന്ന് ഭയന്ന് കൂടുതല്‍ കപ്പലുകള്‍ ചെങ്കടല്‍ വഴിയുള്ള ഗതാഗതം ഒഴിവാക്കുന്നതിനാലാണ് എണ്ണവില ഉയരുന്നത്. എണ്ണവില ഇത്തരത്തില്‍ കൂടുന്നത് മിക്ക രാജ്യങ്ങളിലും പ്രതിസന്ധിയാകും.
ഹൂതികളുടെ ശക്തി ദുര്‍ബലമാകുന്നതുവരെ ആക്രമണം തുടരുമെന്നാണ് യുഎസ് വ്യക്തമാക്കിയത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുന്നതിന്റെയും എണ്ണവില കുതിച്ചുയരുന്നതിന്റെയും സൂചനകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.
ഹൂതികള്‍ക്കെതിരേ യെമനിലെ 16 കേന്ദ്രങ്ങളിലാണ് യുഎസിന്റെയും ബ്രിട്ടന്റെയും പോര്‍വിമാനങ്ങള്‍ വെള്ളിയാഴ്ച ആക്രമണം നടത്തിയത്. ഇന്നും ആക്രമണം തുടരുകയാണ്. സനായില്‍ അടക്കം പ്രധാന കേന്ദ്രങ്ങളിലെല്ലാം ആക്രമണങ്ങള്‍ നടന്നു. ഇതിന്റെ പ്രതിഫലനമെന്ന നിലയിലാണ് എണ്ണവില ഉയര്‍ന്നത്. ഇറാന്റെ പിന്തുണയോടെ യെമന്റെ പ്രധാന ഭാഗങ്ങള്‍ നിയന്ത്രിക്കുന്ന ഹൂതി വിമതര്‍ ചെങ്കടലിലൂടെ പോകുന്ന ചരക്കുകപ്പലുകളെ ആക്രമിക്കുന്ന പശ്ചാത്തലത്തിലായിരുന്നു യുഎസും ബ്രിട്ടണും വ്യോമാക്രമണം നടത്തിയത്.