മക്കലെസ്റ്റർ (ഒക്‌ലഹോമ): മുൻ ഭാര്യയുടെ ഏഴ് വയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയുടെ വധശിക്ഷ നടപ്പാക്കി. മക്അലെസ്റ്ററിലെ ഒക്ലഹോമ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മൂന്ന് മയക്കുമരുന്നുകൾ കുത്തിവെച്ചാണ് പ്രതിയായ റിച്ചാർഡ് റോജെമിന്റെ (66) വധശിക്ഷ നടപ്പാക്കിയത്. രാവിലെ 10:16 ന് മരണം സ്ഥിരീകരിച്ചതായി ജയിൽ അധികൃതർ അറിയിച്ചു. 1984ലാണ് കുറ്റകൃത്യം നടന്നത്.1985 മുതൽ ഇയാൾ ജയിലിൽ കഴിയുകയായിരുന്നു.
മകൾ ലൈല കമ്മിങ്സിനെ കൊലപ്പെടുത്തിയെന്ന ആരോപണം റിച്ചാർഡ് നിഷേധിച്ചിരുന്നു. 1984 ജൂലൈ 7-ന് ബേൺസ് ഫ്ലാറ്റ് പട്ടണത്തിനടുത്തുള്ള റൂറൽ വാഷിതയിലെ വയലിൽ നിന്നാണ് കുത്തേറ്റ് മരിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ നഖങ്ങളിൽ നിന്ന് എടുത്ത ഡിഎൻഎ തെളിവുകൾക്ക് കുറ്റകൃത്യവുമായി ബന്ധമില്ലെന്ന് ഈ മാസം സമർപ്പിച്ച ദയാഹർജിയിൽ റോജമിന്റെ അഭിഭാഷകർ വാദിച്ചു. മിഷിഗണിൽ രണ്ട് കൗമാരപ്രായക്കാരായ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ റോജെം മുൻപ് ശിക്ഷിക്കപ്പെട്ടിരുന്നു.
തെളിവുകളുടെ അടിസ്ഥാനത്തിൽ 45 മിനിറ്റ് നീണ്ട ചർച്ചകൾക്ക് ശേഷമാണ് 1985ൽ വാഷിത കൗണ്ടി ജൂറി റിച്ചാർഡിനെ ശിക്ഷിച്ചത്. വിചാരണ പിശകുകൾ കാരണം മുൻ വധശിക്ഷകൾ അപ്പീൽ കോടതികൾ രണ്ടുതവണ റദ്ദാക്കിയിരുന്നു. 2007ൽ കസ്റ്റർ കൗണ്ടി ജൂറിയാണ് അദ്ദേഹത്തിന് മൂന്നാമത്തെ വധശിക്ഷ വിധിച്ചത്.