ഒക്ലഹോമ: ഒക്‌ലഹോമയിലെ പബ്ലിക് സ്‌കൂളുകളിലെ 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠങ്ങളിൽ ബൈബിൾ ഉൾപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥൻ ഉത്തരവിട്ടു. റിപ്പബ്ലിക്കൻ സ്റ്റേറ്റ് സൂപ്രണ്ട് റയാൻ വാൾട്ടേഴ്‌സ് സംസ്ഥാനത്തുടനീളമുള്ള സൂപ്രണ്ടുമാർക്ക് വ്യാഴാഴ്ച അയച്ച നിർദ്ദേശത്തിൽ, ഉത്തരവ് പാലിക്കുന്നത് നിർബന്ധമാണെന്നും എത്രയും പെട്ടെന്ന് പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും വ്യക്തമാക്കി.
‘ഈ രാജ്യത്തെ കുറിച്ച് നമ്മുടെ കുട്ടികളെ പഠിപ്പിക്കാൻ ബൈബിൾ അനിവാര്യമായ ഒരു ചരിത്രരേഖയാണ്,’ വാൾട്ടേഴ്‌സ് തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
ബൈബിളിനെക്കുറിച്ചുള്ള അടിസ്ഥാന അറിവില്ലാതെ, ഒക്ലഹോമയിലെ വിദ്യാർത്ഥികൾക്ക് രാജ്യത്തിൻ്റെ അടിത്തറ ശരിയായി മനസിലാക്കാനോ സന്ദർഭോചിതമായി പെരുമാറാനോ സാധിക്കില്ലെന്നും, അതിനാലാണ് ഒക്ലഹോമ വിദ്യാഭ്യാസ നിലവാരത്തിൽ മാറ്റം വരുത്താൻ അനിവാര്യമായ നിർദേശങ്ങൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒക്‌ലഹോമയിലെ നിയമം ഇതിനകം തന്നെ ക്ലാസ് മുറിയിൽ ബൈബിളുകൾ അനുവദിക്കുന്നുണ്ടെന്ന് സ്റ്റേറ്റ് അറ്റോർണി ജനറൽ ജെൻ്റ്‌നർ ഡ്രമ്മണ്ടിൻ്റെ വക്താവ് ഫിൽ ബച്ചരാച്ച് പറഞ്ഞു.
എന്നാൽ സ്‌കൂളുകളിൽ ബൈബിൾ പഠിപ്പിക്കാൻ ഉത്തരവിടാൻ വാൾട്ടേഴ്‌സിന് അധികാരമുണ്ടോ എന്ന് വ്യക്തമല്ല. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഓരോ സ്കൂൾ ജില്ലകൾക്കും പ്രത്യേക അധികാരമുണ്ടെന്ന് സംസ്ഥാന നിയമം പറയുന്നു.