വീണ്ടും ഓം ബിർള ലോക്സഭ സ്പീക്കറാകും? എൻഡിഎ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു; മത്സരമൊഴിവാക്കാൻ കേന്ദ്രമന്ത്രിമാരുടെ ശ്രമം

ഡൽഹി: രാഷ്ട്രീയ വൃത്തങ്ങൾ നൽകിയ സൂചന അക്ഷരാർത്ഥത്തിൽ ശരിയായി. ലോക്സഭാ സ്‌പീക്കർ സ്ഥാനത്തേയ്ക്ക് ഒരു വട്ടം കൂടി ഓം ബിർളക്ക് അവസരം നൽകി ബി ജെ പി. എൻ ഡി എ മുന്നണിയുടെ സ്‌പീക്കർ സ്ഥാനാർഥിയായി ബിർളയുടെ പേര് വീണ്ടും നിർദ്ദേശിച്ചു. ഉച്ചയോടെ അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കും. എന്നാൽ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിലടക്കം അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യ മുന്നണി മത്സരത്തിനിറങ്ങാനുള്ള സാധ്യതയാണുള്ളത്. ഇത് ഒഴിവാക്കാനായി ബിജെപി സമവായ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മത്സരം ഒഴിവാക്കണമെന്നും ഓം ബിർളയെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ട് രാജ്‌നാഥ് സിംഗ് ഇന്ത്യ മുന്നണി നേതാക്കളെ കണ്ടു.

നാളെയാണ് ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇന്ന് 12 മണി വരെയാണ് ലോക്സഭ സ്പീക്കർ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക നൽകാനുളള സമയം. എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷിനെ ഡെപ്യൂട്ടി സ്പീക്കർ ആക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷ സഖ്യം ഉറച്ചുനിൽക്കുകയാണ്. അല്ലാത്ത പക്ഷം പ്രതിപക്ഷത്തിന്‍റെ സ്പീക്കർ സ്ഥാനാർഥിയായി കൊടിക്കുന്നിൽ മത്സരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.