ഓം പ്രകാശിന്റെ ലഹരിക്കേസ്: താരങ്ങളെ ഹോട്ടലിലെത്തിച്ചയാള്‍ കസ്റ്റഡിയില്‍, ശ്രീനാദ് ഭാസിയെയും പ്രയാഗയെയും ചോദ്യം ചെയ്യും

കൊച്ചി: ഗുണ്ടാ തലവൻ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. എളമക്കര സ്വദേശി ബിനു ജോസഫാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ഹോട്ടലില്‍ എത്തിച്ചത് ഇയാളാണെന്നാണ് വിവരം.

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയുമടക്കം മുഴുവന്‍ പേരെയും ചോദ്യം ചെയ്യുമെന്നും കേസ് വിശദമായി അന്വേഷിക്കുമെന്നും കൊച്ചി ഡിസിപി എസ് സുദര്‍ശന്‍ വ്യക്തമാക്കി. പ്രതികളുടെ രക്തസാംപിള്‍ ഉള്‍പ്പെടെ പരിശോധിക്കും. കൊച്ചിയില്‍ നടന്ന ഡിജെ പാര്‍ട്ടിയെ കുറിച്ചും അന്വേഷണം നടത്തും. പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ വിശദ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു.

അതേസമയം കേസിലെ മുഖ്യപ്രതി ഓം പ്രകാശിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഓം പ്രകാശിനൊപ്പം അറസ്റ്റിലായ ഷിഹാസിനും ജാമ്യം ലഭിച്ചിട്ടുണ്ട്.

ഓംപ്രകാശിനെതിരെ ആരോപണങ്ങള്‍ മാത്രമാണുള്ളതെന്ന് അഭിഭാഷകന്‍ പറഞ്ഞു. കൊക്കെയ്ന്‍ ഉണ്ടായിരുന്ന കവര്‍ പിടിച്ചെടുത്തുവെന്നാണ് പറയുന്നത്. എന്നാല്‍, എത്രത്തോളം ലഹരിമരുന്ന് ഉണ്ടായിരുന്നുവെന്ന കാര്യം പൊലീസ് പറഞ്ഞിട്ടില്ലെന്നാണ് അഭിഭാഷകന്‍ പറയുന്നത്.

More Stories from this section

family-dental
witywide