മുംബൈ: അടൽ സേതു പാലത്തിൽ വാഹനം നിർത്തി യുവാവ് കടലിലേക്ക് ചാടി ആത്മഹത്യ ചെയ്തു. മുംബൈ ദോംബിവിലി സ്വദേശി 38 കാരനായ ശ്രീനിവാസ് ആണ് രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലമായ അടൽസേതുവിൽ നിന്ന് കടലിലേക്ക് ചാടിയത്. മരിക്കാൻ വേണ്ടി തന്നെയാണ് ശ്രീനിവാസ് കടലിലേക്ക് ചാടിയതെന്ന് പൊലീസ് വ്യക്തമാക്കി.
എൻജിനീയറായ കെ ശ്രീനിവാസ്, അടൽ സേതു എന്നറിയപ്പെടുന്ന മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൻ്റെ നവാഷേവ അറ്റത്തേക്ക് തൻ്റെ കാർ ഓടിച്ചെത്തി, 12:30 ഓടെ വണ്ടി ഒരുവശത്ത് പാർക്ക് ചെയ്‌ത് ആത്മഹത്യ ചെയ്‌തതായി പാലത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു.
ശ്രീനിവാസ് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. ഇതാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അവർ വിശ്വസിക്കുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 2023ൽ കുവൈറ്റിൽ ജോലി ചെയ്യുന്നതിനിടെ ശ്രീനിവാസ് ഫ്ലോർ ക്ലീനർ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
സംഭവത്തിന് തൊട്ടുമുമ്പ്, കഴിഞ്ഞ ദിവസം രാത്രി 11.30-ഓടെ ശ്രീനിവാസ് വീട്ടിൽ നിന്ന് പുറത്തേക്ക് പോയിരുന്നു. പാലത്തിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം ഭാര്യയെയും നാല് വയസ്സുള്ള മകളെയും വിളിച്ചു.
സംഭവത്തിൻ്റെ റിപ്പോർട്ടുകൾ ലഭിച്ചയുടൻ നവി മുംബൈ പൊലീസും അടൽ സേതു രക്ഷാപ്രവർത്തകരും തീരദേശ പൊലീസും പ്രാദേശിക മത്സ്യത്തൊഴിലാളികളും ചേർന്ന് ഉടൻ തിരച്ചിൽ ആരംഭിച്ചു. ശ്രീനിവാസിൻ്റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.