
ന്യൂയോർക്ക്: ന്യൂയോർക്ക് സംസ്ഥാന സെനറ്റിലെ മലയാളി സെനറ്റർ ആയ കെവിൻ തോമസിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ മലയാളി പൈതൃകം നിലനിർത്താനായി രൂപീകരിക്കപ്പെട്ട ന്യൂയോർക്ക് മലയാളി ഹെറിറ്റേജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ തിരുവോണ നാളായ സെപ്റ്റംബർ 15 ഞായറാഴ്ച വമ്പിച്ച ഓണാഘോഷവും വള്ളംകളി മത്സരവും ലോങ്ങ് ഐലൻഡ് കേന്ദ്രീകരിച്ച് നടത്തുവാൻ തയാറെടുക്കുന്നു. ലോങ്ങ് ഐലൻഡ് ഫ്രീപോർട്ടിലെ അതി മനോഹരവും വിശാലവുമായ കൗമെഡോ പാർക്കിനോട് (Cow Meadow Park, 701 South Main Street, Freeport, NY 11520) ചേർന്നുള്ള തടാകത്തിൽ കേരള തനിമയെ വിളിച്ചോതുന്ന വള്ളംകളി ജലോത്സവം നടത്തുന്നതിനോടൊപ്പം പാർക്കിലെ പച്ചപരവതാനിയായ പുൽത്തകിടിയിൽ ഓണാഘോഷവും നടത്തുന്നതിനാണ് ആലോചിക്കുന്നത്.
ഇതിനായുള്ള പ്രാഥമിക ചർച്ചകൾ സെനറ്റർ കെവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്നതായി സെനറ്ററിന്റെ കമ്മ്യൂണിറ്റി കോർഡിനേറ്റർമാരായ അജിത് കൊച്ചൂസും ബിജു ചാക്കോയും അറിയിച്ചു. വള്ളംകളി മത്സരങ്ങളുടെ ക്രമീകരണങ്ങൾക്കും നടത്തിപ്പിനുമായി ന്യൂയോർക്ക് മലയാളി ബോട്ട് ക്ലബ്ബ് സ്ഥാപക ചെയർമാനും കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KCANA) പ്രസിഡന്റുമായ ഫിലിപ്പ് മഠത്തിലിനെ ചീഫ് കോർഡിനേറ്ററായി ചുമതലപ്പെടുത്തി.
മലയാളി ഹെറിറ്റേജിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണദിനത്തിൽ സെപ്റ്റംബർ 15 ഞായർ ഫ്രീപോർട്ടിലെ കൗ മെഡോ പാർക്കിൽ വച്ച് വള്ളം കളി, വടം വലി, പുലികളി, ചെണ്ടമേളം, അത്തപ്പൂവിടൽ തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരം നടത്തുന്നതിനും സംയുക്തമായി ഓണസദ്യ നടത്തുന്നതിനുമാണ് പദ്ധതിയിടുന്നത്. ഇതിനായി ന്യൂയോർക്കിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ മലയാളി സംഘടനകളുടെ പ്രസിഡന്റുമാരുടെയും മറ്റു നേതാക്കളുടെയും യോഗങ്ങൾ വിളിച്ചു ചേർത്ത് വിവിധ കമ്മറ്റികൾ രൂപീകരിക്കുവാനുള്ള ക്രമീകരണങ്ങൾ ഉടൻ ചെയ്യുന്നതാണ് എന്ന് സെനറ്ററിന്റെ ഉപദേശക സമിതി അംഗം അജിത് കൊച്ചൂസ് പ്രസ്താവിച്ചു.
ഇത് സംബന്ധിച്ച വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക:
(1) Ajith Abraham (Kochoos) – 516-225-2814
(2) Biju Chacko – 516-996-4611
(3) Philip Madathil – 917-459-7819
(4) Mathewkutty Easow – 516-455-8596
(5) Kunju Maliyil – 516-503-8082.