പൂക്കളവും പൂവിളിയുമായി കനേഡിയൻ പാർലമെന്റിൽ ഓണാഘോഷം; സെപ്റ്റംബർ 18ന്

മാവേലിയെ വരവേൽക്കാൻ ഒരുങ്ങി കനേഡിയൻ മലയാളികൾ. തലസ്ഥാനമായ ഒട്ടാവയിലെ പാർലമെന്റ് മന്ദിരത്തിലാണ് ദേശീയ ഓണാഘോഷ ചടങ്ങുകൾ നടക്കുക. 144 വെല്ലിങ്ടൺ സ്ട്രീറ്റിലെ സർ ജോൺ എ മക്‌ഡോണാൾഡ്‌ ‌ബിൽഡിംഗിൽ സെപ്റ്റംബർ18നു ബുധനാഴ്ചയാണ് പരിപാടി. ഇത് മൂന്നാം വർഷമാണ് കനേഡിയൻ പാർലമെൻറിൽ ഇൻഡോ കനേഡിയൻ കൗൺസിൽ ഫോർ ആർട്സ് ആൻഡ് കൾച്ചറിന്റെ (ICAC) ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത്. 

പാർലമെന്റ് അംഗം മൈക്കിൾ ബാരറ്റ് ആതിഥേയനാകുന്ന പരിപാടി, കാനഡയുടെ വിവിധ മേഖലകളിൽ ഉള്ള എൺപതിലേറെ സംഘടനകളുടെ സഹകരണത്തോടെയാണ്  സംഘടിപ്പിക്കുന്നത്. കാനഡയുടെ വിവിധ പ്രവിശ്യകളിലെ അസോസിയേഷനുകൾ അവതരിപ്പിക്കുന്ന കലാപരിപാടികളും, ചെണ്ടമേളവും പരിപാടികൾക്ക് മിഴിവേകും. തുടർന്ന് വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ചരക്ക് തുടങ്ങുന്ന പരിപാടി രാത്രി എട്ടരയോടെ അവസാനിക്കും. അറുനൂറിലേറെ പ്രതിനിധികളെയാണ് ഇക്കുറിയും പ്രതീക്ഷിക്കുന്നതെന്ന് സംഘാടക സമിതി ചെയർമാനായ ബിജു ജോർജ് പറഞ്ഞു.

പരിപാടിയുടെ റജിസ്‌ട്രേഷൻ ആരംഭിച്ചു. onamatp@gmail.com എന്ന ഈമെയിലിലേക്ക് പേരും ഫോൺ നമ്പറും പങ്കെടുക്കുന്ന ആളുകളുടെ എണ്ണവും ഇമെയിൽ ചെയ്യേണ്ടതാണ്. തുടർന്നുള്ള നടപടിക്രമങ്ങൾ ഇ മെയിൽ വഴി അറിയിക്കുന്നതായിരിക്കും. ടൊറന്റോ മേഖലയിൽ നിന്നും ഉള്ള ആളുകൾക്ക്  ഓട്ടവയിലേക്ക് പോകാനുള്ള ബസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.nationalonamcanada.ca എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

More Stories from this section

family-dental
witywide