ന്യൂഡല്‍ഹി: ഇക്കുറിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആഘോഷം
ഗുജറാത്തിലെ ഇന്ത്യ-പാക് അതിര്‍ത്തിയായ കച്ചില്‍ സൈനികരോടൊപ്പമായിരുന്നു. സര്‍ ക്രീക്കിലെ ലക്കി നലയിലായിരുന്നു ആഘോഷം. അതിര്‍ത്തി സുരക്ഷാസേനയുടെ യൂണിഫോം ധരിച്ചെത്തിയ പ്രധാനമന്ത്രി, സൈനികര്‍ക്ക് മധുരം നല്‍കി ആഘോഷത്തില്‍ പങ്കുചേര്‍ന്നു. മോദിക്കൊപ്പം ദീപാവലി ആഘോഷത്തില്‍ അതിര്‍ത്തു രക്ഷാസേന (ബിഎസ്എഫ്), കരസേന, നാവികസേന, വ്യോമസേന ജവാന്മാരും സംബന്ധിച്ചു.
അതേസമയം, രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിയില്‍ പോലും തന്റെ സര്‍ക്കാര്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് ദീപാവലി സന്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ മനസ്സില്‍ വെച്ചാണ് സര്‍ക്കാര്‍ സൈന്യത്തെയും സുരക്ഷാ സേനയെയും ആധുനിക വിഭവങ്ങള്‍ കൊണ്ട് സജ്ജരാക്കുന്നതെന്നും പ്രധാനമന്ത്രി മോദി ഗുജറാത്തിലെ കച്ചില്‍ പറഞ്ഞു.
പ്രധാനമന്ത്രി മോദി ഇന്ത്യയുടെ ധീര സേനയ്ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത് ഇതാദ്യമല്ല. 2017ല്‍ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗുരേസ് താഴ്വരയില്‍ ജവാന്‍മാര്‍ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. മധുരം കൈമാറുകയും ജവാന്മാരെ അഭിവാദ്യം ചെയ്യുകയും അവരെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. അവരുടെ ത്യാഗത്തെയും രാജ്യത്തോടുള്ള സമര്‍പ്പണത്തെയും അനുസ്മരിക്കുകയും ചെയ്തിരുന്നു.
2014-ലെ ദീപാവലി ദിനത്തിലും പ്രധാനമന്ത്രി മോദി സിയാച്ചിനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. സായുധ സേനാംഗങ്ങളുടെ വീര്യത്തെയും ധൈര്യത്തെയും പ്രശംസിച്ചാണ് അന്ന് ആഘോഷങ്ങളുടെ ഭാഗമായത്. ജവാന്മാരുടെ അചഞ്ചലമായ പ്രതിബദ്ധത 125 കോടി ഇന്ത്യക്കാര്‍ക്ക് ദീപാവലി ആഘോഷിക്കാനും അവരുടെ ജീവിതം സുഖകരവും സുരക്ഷിതത്വവുമായി ജീവിക്കാനും അനുവദിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മോദി ഇന്ന് സന്ദര്‍ശിച്ച മേഖല വളരെ ചൂടുള്ള പകലും വളരെ തണുത്ത രാത്രിയുമുള്ള പ്രദേശമാണെന്നും, ഇത് വാസയോഗ്യമല്ലാത്ത സ്ഥലമാണെന്നും ഭൂപ്രദേശം വെല്ലുവിളി നിറഞ്ഞതാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചു. ഇത് അതിര്‍ത്തിയുടെ ആരംഭ പോയിന്റാണ്. പാക്കിസ്ഥാനില്‍ നിന്നുള്ള മയക്കുമരുന്ന് കടത്തുകാരും ഭീകരരും പലപ്പോഴും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന ഈ മേഖല ബിഎസ്എഫിന്റെ നിരീക്ഷണത്തിലാണുള്ളത്..
#WATCH | Prime Minister #NarendraModi celebrates #Diwali with #BSF, Army, Navy and #AirForce personnel at Lakki Nala in the Sir Creek area in Kachchh, #Gujarat
— Hindustan Times (@htTweets) October 31, 2024
(📽️: ANI ) pic.twitter.com/b3lj76WS3U